ആലപ്പുഴ: തോമസ്ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സിലെടുത്ത തീരുമാനം നടപ്പാക്കാനാവാതെ ആലപ്പുഴ നഗരസഭയില്‍ കടുത്ത ഭരണ പ്രതിസന്ധി. ലേക് പാലസ് റിസോര്‍ട്ടിന് നല്‍കിയ ഇതുവരെയുള്ള രണ്ട് കോടിയിലധികം രൂപയുടെ നികുതിയിളവ് പിന്‍വലിച്ച നഗരസഭാ കൗണ്‍സില്‍ തീരുമാനം നടപ്പാക്കാതിരിക്കാനാണ് സെക്രട്ടറിയുടെ ശ്രമം. അതേസമയം കൗണ്‍സില്‍ തീരുമാനം നടപ്പാക്കാത്ത സെക്രട്ടറിയെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തുറന്നടിച്ചു.
2001 ലാണ് ലേക് പാലസ് റിസോര്‍ട്ട് ഒരു രൂപപോലും കെട്ടിട നികുതിയടക്കാതെ പ്രവര്‍ത്തനം തുടങ്ങിയത്. 2003 ജൂലായില്‍ അന്നത്തെ നഗരസഭാ സെക്രട്ടറി നികുതി വെട്ടിക്കാനുളള ശ്രമം കയ്യോടെ പിടികൂടുകയും ചെയ്തു. തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ഒന്നൊന്നായി ഏഷ്യാനെറ്റ്‌ന്യൂസ് പുറത്തുകൊണ്ടുവരുന്നതിനിടെ ആലപ്പുഴ നഗരസഭയിലും പ്രശ്‌നങ്ങള്‍ തുടങ്ങി.
ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും നഷ്ടമായെന്ന് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വിവരാവകാശ അപേക്ഷയെത്തുടര്‍ന്ന് നഗരസഭ സ്ഥിരീകരിച്ചു. പിന്നാലെ സപ്തംബര്‍ 22ന് ലേക് പാലസ് മാത്രം അജണ്ടവെച്ച് പ്രത്യേക നഗരസഭാകൗണ്‍സില്‍ യോഗം ചേര്‍ന്നു. ലേക് പാലസ് റിസോര്‍ട്ടിന് മാത്രമായി നല്‍കിയ വന്‍ നികുതിയിളവ് പിന്‍വലിക്കാനും മുന്‍കാല പ്രാബല്യത്തോടെ തിരിച്ചുപിടിക്കാനും തീരുമാനിച്ചു.
എന്നാല്‍ രണ്ട് മാസവും ഒരാഴ്ചയും കഴിഞ്ഞിട്ടും നികുതി തിരിച്ചുപിടിക്കാനുള്ള ഫയല്‍ അനങ്ങുന്നില്ല. റിസോര്‍ട്ടില്‍ പരിശോധന നടത്താന്‍ നഗരസഭാ സെക്രട്ടറി അനുവാദം കൊടുക്കാത്തതാണ് പ്രധാന കാരണം. തോമസ് ചാണ്ടിക്ക് അനുകൂല നിലപാടെടുക്കുന്ന സെക്രട്ടറിയുടെ നടപടിയില്‍ ചെയര്‍മാന്‍ കടുത്ത പ്രതിഷേധത്തിലാണ്.
രണ്ട് കോടിയോളം രൂപയാണ് നികുതിയിളവ് പിന്‍വലിച്ചാല്‍ നഗരസഭയ്ക്ക് കിട്ടുക. പരിശോധന നീട്ടിക്കൊണ്ടുപോയി വിവാദങ്ങള്‍ അവസാനിക്കുമ്പോള്‍ തീരുമാനം അട്ടിമറിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം നഗരസഭയില്‍ നിന്ന് കാണാതായ രേഖകള്‍ ഹാജരാക്കാന്‍ നടപടി സ്വീകരിക്കണെന്ന കൗണ്‍സില്‍ തീരുമാനവും അട്ടിമറിച്ചു. സര്‍ക്കാരും നഗരസഭാ സെക്രട്ടറിയും ചേര്‍ന്ന് തോമസ്ചാണ്ടിയുമായി ബന്ധപ്പെട്ട കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കുകയാണെന്നാണ് നഗരസഭാ ചെയര്‍മാന്‍ പറയുന്നത്.
