തോമസ്ചാണ്ടിക്കെതിരെ നടപടിയെടുക്കുന്ന അവസാന ഉദ്യോഗസ്ഥനെയും മാറ്റാന്‍ നീക്കം നിയമലംഘനങ്ങളില്‍ നടപടിയെടുക്കുന്നവരെ സ്ഥലം മാറ്റുന്നു ജില്ലാ കല്ക്ടറെയും എല്‍ആര്‍ ഡെപ്യൂട്ടി കലക്ടറെയും മാറ്റി തുടക്കം മുതല്‍ നിയമലംഘനങ്ങളില്‍ ഉപദേശം നല്‍കിയ ലോ ഓഫീസറെ മാറ്റാനൊരുങ്ങുന്നു കാസര്‍കോടേക്ക് സ്ഥലം മാറ്റാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്
ആലപ്പുഴ: തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ലോ ഓഫീസറെയും സ്ഥലം മാറ്റാന് നീക്കം. ആലപ്പുഴ കലക്ടറായിരുന്ന ടിവി അനുപമയെയും, ഡെപ്യൂട്ടി കലക്ടറായ അതുല് സ്വാമിനാഥനെയും സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ഈ നീക്കം.
ലോ ഓഫീസര് സിഡി ശ്രീനിവാസനെക്കൂടി സ്ഥലം മാറ്റുന്നതോടെ തോമസ്ചാണ്ടിയുമായി ബന്ധപ്പെട്ട നിയമനടപടികളെകുറിച്ച് അറിയുന്ന പ്രധാന ഉദ്യോഗസ്ഥരെല്ലാം ആലപ്പുഴ കലക്ട്രേറ്റില് നിന്ന് പടിയിറങ്ങും.
തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെ കലക്ടറായിരുന്ന ടിവി അനുപമ അന്തിമ റിപ്പോര്ട്ട് തയ്യാറാക്കി. പിന്നാലെ നിയമലംഘനങ്ങളില് ശക്തമായ നടപടിയും തുടങ്ങിയിരുന്നു. ലേക് പാലസിന് മുന്നിലെ പാര്ക്കിങ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ച് മാറ്റാന് ഉത്തരവിറക്കിയശേഷമാണ് അന്നത്തെ കലക്ടര് സ്ഥലം മാറിപ്പോയത്.
തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങളില് ആദ്യാവസാനം ശക്തമായ നടപടിയെടുത്ത എല്ആര് ഡെപ്യൂട്ടി കലക്ടര് അതുല് സ്വാമി നാഥനെ ചെങ്ങന്നൂര് തെരഞ്ഞെടുപ്പിന്റെ ചുമതല നല്കി ഭൂപരിഷ്കരണ വിഭാഗത്തില് നിന്ന് മാറ്റി. ഇനിയിപ്പോള് തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങളുടെ ഫയലുകളെക്കുറിച്ച് കൃത്യമായി അറിയുന്ന പ്രധാന ഉദ്യോഗസ്ഥന് കലക്ടറേറ്റിലെ ലോ ഓഫീസര് സിഡി ശ്രീനിവാസനാണ്.
തോമസ്ചാണ്ടിക്കതിരായ കേസില് ഹൈക്കോടതിയിലടക്കം ജില്ലാ ഭരണകൂടം ശക്തമായി ഇടപെടേണ്ട സമയത്ത് ശ്രീനിവാസനെ കാസര്കോടടേക്ക് മാറ്റാനുള്ള ഫയല് മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്. ശ്രീനിവാസന് കൂടി സ്ഥലം മാറി പോകുന്നതോടെ തോമസ്ചാണ്ടി നടത്തിയ നിയമലംഘനങ്ങളില് ഒരു തുടര് നടപടിയും പെട്ടെന്നൊന്നും ഉണ്ടാവില്ലെന്ന കാര്യം ഉറപ്പായി.
