തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയെ കൈവിട്ട് സി.പി.എമ്മും. നടപടികള്‍ എല്‍.ഡി.എഫിന് തീരുമാനിക്കാമെന്ന് സി.പി.എം വ്യക്തമാക്കി. നടപടിയില്‍ ഉചിതമായ തീരുമാനമെടുക്കാനാണ് എല്‍.ഡി.എഫ് നേതൃത്വത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

തോമസ് ചാണ്ടിക്കെതിരായി അഡ്വക്കറ്റ് ജനറല്‍ നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. ജില്ല കളക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്നാണ് സര്‍ക്കാറിനോട് നിയമോപദേശത്തില്‍ അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് വ്യക്തമാക്കിയത്.കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് തുടര്‍ നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് നിയമോപദേശം പറയുന്നു. ഇതോടെ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് കുറുക്കുകള്‍ മുറുകി. 

മാര്‍ത്താണ്ഡം കായല്‍ ഭൂമി കയ്യേറ്റത്തിലും, ലൈക്ക് പാലസ് റോഡിന്റെ പേരിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് നേരത്തെ ആലപ്പുഴ ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പുറമേ ഹൈക്കോടതി മന്ത്രി നിയമത്തിന് അതീതനാണോ എന്ന് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം തോമസ് ചാണ്ടി രാജിവയ്ക്കണം എന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. 

മുഖ്യമന്ത്രി രാജി കാര്യത്തില്‍ ഇതുവരെ പരസ്യ പരാമര്‍ശനത്തിന് തയ്യാറായില്ലെങ്കിലും, ചാണ്ടി രാജികാര്യം സ്വയം തീരുമാനിക്കണം എന്നാണ് സിപിഎം ഇന്നലെ ചാണ്ടിയുടെ കക്ഷിയായ എന്‍സിപിയെ അറിയിച്ചത്. എന്നാല്‍ സി.പിഎം തീരുമാനം എല്‍.ഡി.എഫിന് വിട്ടതോടെ സി.പി.ഐയുടെ എതിര്‍പ്പ് കണക്കിലെടുത്ത് തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനം നഷ്ടമായേക്കും. അതേസമയം ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് എന്‍സിപി കൈക്കൊള്ളുന്നത്. തോമസ് ചാണ്ടിയുടെ നിയമലംഘനം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് എത്തിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്.