തിരുവനന്തപുരം: ഏറെ നാടകീയനീക്കങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തോമസ് ചാണ്ടി രാജി വെച്ചു. തോമസ് ചാണ്ടി രാജിക്കത്ത് നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയില്ല. പകരം പാര്‍ട്ടി അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്ററാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ഔദ്ദ്യോഗിക വസതിയില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നേരിട്ട് രാജി സമര്‍പ്പിക്കാതെ തോമസ് ചാണ്ടി എറണാകുളത്തേക്ക് പോവുകയായിരുന്നു. ഔദ്ദ്യോഗിക വാഹനത്തില്‍ പൊലീസ് അകമ്പടിയോടെയായിരുന്നു രാജി സമര്‍പ്പിച്ച ശേഷവും തോമസ് ചാണ്ടിയുടെ യാത്ര.
തോമസ് ചാണ്ടി എറണാകുളത്തേക്ക് മടങ്ങിയ ശേഷം പാര്‍ട്ടി അധ്യക്ഷന്‍ ടി.പി പീതാംബരന്‍ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. രാജിക്കത്ത് ഗവര്‍ണ്ണര്‍ക്ക് കൈമാറിയെന്ന് പിന്നീട് മുഖ്യമന്ത്രി പ്രതികരിച്ചു. മറ്റ് കാര്യങ്ങള്‍ പിന്നീട് ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസ്ഥാനം തല്‍ക്കാലം ഒഴിച്ചിടുമെന്നാണ് സൂചന. എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരില്‍ ആദ്യം കുറ്റവിമുക്തനാവുന്നത് ആരാണെങ്കിലും അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നാണ് തോമസ് ചാണ്ടി സൂചിപ്പിച്ചത്. ഇത് മുഖ്യമന്ത്രിയും ഇടത് മുന്നണിയും അംഗീകരിച്ചുവെന്നാണ് വിവരം.
നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് ഇന്നലെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. സര്‍ക്കാറിനെതിരെ മന്ത്രി തന്നെ കോടതിയെ സമീപിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് വിമര്‍ശിച്ച കോടതി, മുഖ്യമന്ത്രിയെ മന്ത്രിക്ക് വിശ്വാസമില്ലേയെന്നും മന്ത്രിക്ക് കൂട്ടുത്തരവാദിത്തമില്ലേയെന്നും ചോദിച്ചു. ദന്തഗോപുരങ്ങളില്‍ നിന്ന് ഇറങ്ങി സാധാരണക്കാരനായി നിയമനടപടികള്‍ നേരിടണമെന്ന് ആവശ്യപ്പെട്ട കോടതി, ഇങ്ങനെയാണെങ്കില്‍ രാജിവെയ്ക്കുന്നതാണ് നല്ലതെന്നും വിമര്‍ശിച്ചു. തുടര്‍ന്ന് രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ മന്ത്രി രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് നടന്ന മന്ത്രിസഭാ യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് സി.പി.ഐയുടെ നാല് മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, രാജിക്കാര്യത്തില്‍ തീരുമാനെമടുക്കാന്‍ എന്‍.സി.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി ഒരു മണിക്കൂറിനകം തീരുമാനം അറിയാക്കാമെന്ന് എന്‍.സി.പി നേതൃത്വം ഉറപ്പുനല്‍കിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് ശേഷമാണ് കന്റോണ്‍മെന്റ് ഹൗസ് കോമ്പൗണ്ടിലെ തോമസ് ചാണ്ടിയുടെ ഔദ്ദ്യോഗിക വസതിയില്‍ ടി.പി പീതാംബരന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ തോമസ് ചാണ്ടിയുമായി ചര്‍ച്ച നടത്തിയത്. കേന്ദ്ര നേതാക്കളുമായും ഇവര്‍ ഇതിനിടെ ഫോണില്‍ സംസാരിച്ചു. ഇതിനൊടുവിലാണ് രാജിവെയ്ക്കാന്‍ തീരുമാനമായത്.
