ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന്റെ കാണാതായ 18 ഫയലുകൾ ആലപ്പുഴ നഗരസഭയിൽ തിരിച്ചെത്തിയപ്പോൾ വൻ അട്ടിമറി.വസ്തുവിന്‍റെ ആധാരം, കരംതീർത്ത രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ് ഇവയൊന്നുമില്ലാതെയാണ് രേഖകള്‍ തിരിച്ചെത്തിയിരിക്കുന്നത്. ഇനിയും 16 ഫയലുകള്‍ കണ്ടെത്താനുണ്ട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രക്ഷോഭം തുടങ്ങുമെന്ന് കോൺഗ്രസ് അറിയിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോൾ കാണാനില്ലെന്ന് നഗരസഭ അറിയിച്ച ഫയലുകളാണ് ഇപ്പോൾ അത്ഭുതകരമായി കണ്ടെത്തിയത്. നഗരസഭയിലെ അലമാരയിൽ നിന്ന് തന്നെയാണ് ഇവ കണ്ടടുത്തത്.പക്ഷെവസ്തുവിൻറെ ആധാരം, കരംതീർത്ത രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ് ഇവയൊന്നുമില്ലാതെയാണ് രേഖകള്‍ തിരിച്ചെത്തിയിരിക്കുന്നത്.

നഗരസഭയുടെ കെട്ടിടം നിർമ്മാണ അനുമതി മാത്രമാണ് കണ്ടെത്തിയ ഫയലിലുള്ളത്. ഫയലുകൾ എടുത്ത് കൊണ്ടുപോയി റവന്യൂരേഖകൾ നശിപ്പിച്ച ശേഷമാണ് കൊണ്ടുവച്ചതെന്ന് സംശയവും ഇതോടെ ബലപ്പെടുകയാണ്. ഇപ്പോൾ ഫയൽ കണ്ടെത്തിയ അലമാരയിൽ മുമ്പ് പരിശോധിച്ചപ്പോൾ ആ ഫയൽ ഉണ്ടായിരുന്നില്ല....18 കെട്ടിടങ്ങളുടെയും പെർമിറ്റ് ഒറ്റകെട്ടായാണ് തിരിച്ച് കൊണ്ടുവച്ചത്.

ഫയൽ കാണാതാക്കിയത് നഗരസഭാ ഉദ്യോഗസ്ഥർ തന്നെയന്നതിന് ഇതോടെ സ്ഥിരീകരണമാവുകയാണ്. ഇതിനിടെ അനധികൃതമായി മന്ത്രി കൈവശം വച്ചിരിക്കുന്ന ദേവസ്വത്തിന്‍റെ 3 4 ഏക്കര്‍ഭൂമി തിരികെ ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ട് മാത്തൂര്‍ദേവസ്വം കളക്ടർക്ക് പരാതി നൽകി. തോമസ്ചാണ്ടിയുടെ കുട്ടനാട്ടിലെ ചേന്നങ്കരിയിലെ വീടിനോട് ചേര്‍ന്ന് പമ്പാ നദിയുടെ മറുകരയിലാണ് ഈ ഭൂമി. ഏഴു ലക്ഷം രൂപയ്ക്കാണ് ചാണ്ടി ഈ ഭൂമി സ്വന്തമാക്കിയത്.

ലാൻഡ് ട്രിബ്യൂണലിൽ ഇതുമായി ബന്ധപ്പെട്ട കേസ് മന്ത്രി അധികാരം ഉപയോഗിച്ച് നീട്ടിക്കൊണ്ടു പോകുകയാണെന്നാണ് ദേവസ്വത്തിന്‍റെ ആരോപണം. പട്ടയം റദ്ദ് ചെയ്യപ്പെട്ട ഭൂമിയില്‍ ഉടമസ്ഥാവാകാശം കിട്ടില്ലെന്നിരിക്കെ ഭൂമി തിരിച്ചുകൊടുക്കുന്നതിന് പകരം കൈവശം വെച്ചിരിക്കുകയാണെന്നാണ് ദേവസ്വം ഭാരവാഹികള്‍ആരോപിക്കുന്നു. 

മന്ത്രിയുടെ അഴിമതിയുടെയും ഭൂമി കയ്യേറ്റത്തിന്റേയും തെളിവുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപക ക്ഷോഭത്തിന് കോൺഗ്രസ് തയ്യാറെടുക്കുന്നത്. ചാണ്ടിക്കെതിരെ പരാതിയുള്ളവ‍ർ നിയമാനുസൃതമായി മുന്നോട്ട് പോകണമെന്നും രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങൾ ജനം തിരിച്ചറിയുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.