ആലപ്പുഴ: കുട്ടനാട് എംഎല്‍എയും ഗതാഗത മന്ത്രിയുമായ തോമസ്ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ് മന്ത്രിയുടെ ലെറ്റര്‍ ഹെഡ‍് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. ഒരിക്കലും നടക്കാത്ത കാര്യങ്ങള്‍ പോലും തോമസ്ചാണ്ടിയുടെ ലെറ്റര്‍ ഹെഡില്‍ എഴുതി ഒപ്പിട്ടുകൊടുക്കുകയാണ് മന്ത്രിയുടെ സ്വന്തം സഹോദരനായ തോമസ് കെ തോമസ്. ഒരു ലക്ഷത്തി അറുപതിനായിരം രൂപ ജില്ലാ കളക്ടര്‍ വില നിശ്ചയിച്ച ഭൂമിക്ക് നാല് ലക്ഷം രൂപ വരെ വാങ്ങിത്തരാമെന്ന് മൂന്ന് മാസം മുമ്പ് എഴുതിക്കൊടുത്ത് നാട്ടുകാരെ പറ്റിച്ച ലെറ്റര്‍ ഹെഡിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു.
കൈനകരി പഞ്ചായത്തില്‍ പമ്പയാറിന് കുറുകെ നിര്‍മ്മിക്കുന്ന മുണ്ടക്കല്‍ പാലത്തിന്‍റെ ഇരുകരകളിലുമുള്ള ആളുകള്‍ തങ്ങളുടെ ഭൂമിക്ക് നഷ്ടപരിഹാരം കിട്ടാതായപ്പോള്‍ സമരം ചെയ്തിരുന്നു. തുടര്‍ന്ന് പണി തടസപ്പെട്ടതോടെ മന്ത്രിയുടെ സഹോദരന്‍ ഇടപെട്ടു. വിട്ടുകൊടുത്ത ഭൂമിക്ക് അടിസ്ഥാന വിലയില്‍ നിന്നും 400 ശതമാനം അധികം വാങ്ങി നല്‍കുമെന്നാണ് തോമസ് കെ തോമസ് ഇവരെ ധരിപ്പിച്ചത്. ഭൂമി വിട്ടുകൊടുത്ത 23 വസ്തു ഉടമകളുമായി മന്ത്രി തോമസ് ചാണ്ടി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇക്കഴിഞ്ഞ ജൂലായ് 15 നാണ് നാട്ടുകാര്‍ക്ക് ഈ കത്ത് കൊടുത്ത് പണി ആരംഭിച്ചത്.
എന്നാല്‍ മാസം മൂന്നായിട്ടും ഒരു തീരുമാനവുമായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച ജില്ലാ തല പര്‍ച്ചേസ് കമ്മിറ്റി ജില്ലാ കള്കടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. നാല് ലക്ഷം രൂപ വാങ്ങിത്തരാമെന്ന് മന്ത്രിയുടെ ലെറ്റര്‍ ഹെഡില്‍ ഉറപ്പ് കിട്ടിയ ഭൂ ഉടമകള്‍ക്ക് ആകെ കൊടുക്കാന്‍ തീരുമാനിച്ചത് ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ. നാട്ടുകാരായ പാവങ്ങളെ മന്ത്രിയുടെ ലെറ്റര്‍ ഹെഡ് നിയമവിരുദ്ധമായി ഉപയോഗിച്ച് പറ്റിച്ചുവെന്ന് വ്യക്തം. മന്ത്രി തോമസ്ചാണ്ടിയുടെ കുട്ടനാട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന സഹോദരന്‍ തോമസ് കെ തോമസ് നേരത്തെ ഒരാളെ ഫോണില്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.
