ക്യാമ്പുകളില്‍ നിന്ന് വീട്ടിലേക്ക് ചെല്ലുമ്പോള്‍  ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയാണ്. വീടുകളില്‍ ഒന്നും ബാക്കിയില്ല. അപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായധനം എല്ലാവര്‍ക്കും ആശ്വാസം നല്‍കിയിരുന്നു

തിരുവനന്തപുരം: പ്രളയക്കെടുതില്‍ മുങ്ങിയവര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായധനം എത്രയും വേഗം നല്‍കണമെന്ന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. ക്യാമ്പുകളില്‍ നിന്ന് വീട്ടിലേക്ക് ചെല്ലുമ്പോള്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയാണ്. വീടുകളില്‍ ഒന്നും ബാക്കിയില്ല.

അപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായധനം എല്ലാവര്‍ക്കും ആശ്വാസം നല്‍കിയിരുന്നു. പാവപ്പെട്ടവര്‍ക്ക് പ്രളയത്തിന് ശേഷം വീട്ടിലെത്തുമ്പോള്‍ രണ്ടാഴ്ച തള്ളി നീക്കാന്‍ അത് ഉപകരിക്കും. അതുകൊണ്ട് പ്രഖ്യാപിച്ച പതിനായിരം രൂപ എത്രയും വേഗം നല്‍കണമെന്ന് പ്രളയ ദുരന്തത്തെത്തുടര്‍ന്നുള്ള പ്രത്യേക നിയമസഭ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

എല്ലായിടത്ത് നിന്ന് വെള്ളം ഇറങ്ങിപ്പോയിട്ടും കുട്ടനാട് ഇപ്പോഴും വെള്ളത്തിലാണ്. പാടത്ത് നിന്ന് വെള്ളം കയറിയ വീടുകളില്‍ നിന്ന് എത്രയും വേഗം മോട്ടോര്‍ വെച്ച് പമ്പ് ചെയ്ത് കളയണം. നൂറ് കണക്കിന് വീടുകള്‍ കുട്ടനാട്ടില്‍ വാസയോഗ്യമല്ലാതായി. അവര്‍ക്ക് അടിയന്തരമായി കിടക്കാനുള്ള സംവിധാനം ഒരുക്കണം. അതിനായി വിദഗ്ധ ഉപദേശങ്ങള്‍ സ്വീകരിക്കണം. പടര്‍ന്ന് പിടിക്കുന്ന രോഗങ്ങള്‍ തടയാന്‍ സാധിക്കണമെന്നും തോമസ് ചാണ്ടി പറഞ്ഞു.