തിരുവനന്തപുരം: വിവാദ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവില്‍ തോമസ് ചാണ്ടി മന്ത്രിയാകും. ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നാളെത്തന്നെ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ഇന്ന് രാവിലെ 9.30ഓടെ എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്, തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് കൈമാറുകയായിരുന്നു. തുടര്‍ന്ന് 11 മണിയോടെ നടന്ന എല്‍.ഡി.എഫ് യോഗം എന്‍.സി.പിയുടെ ആവശ്യത്തിന് അംഗീകാരം നല്‍കുകയായിരുന്നു. എ.കെ ശശീന്ദ്രന്റെ ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ട മംഗളം ചാനല്‍ അദ്ദേഹത്തെ കുടുക്കിയതാണെന്ന് സമ്മതിച്ച് മാപ്പു പറഞ്ഞിരുന്നു. തുടര്‍ന്ന് ശശീന്ദ്രനെ തന്നെ തിരികെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എ.കെ ശശീന്ദ്രനെ ഇപ്പോള്‍ തന്നെ മന്ത്രിയാക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇനി മന്ത്രിയാവാനില്ലെന്ന് ശശീന്ദ്രനും ഇന്ന് വ്യക്തമാക്കിയിരുന്നു. നാളെ വൈകുന്നേരം തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്യും.