തിരുവനന്തപുരം: പെട്രോള്‍ നികുതി, സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നയപരമായ തീരുമാനം ആദ്യം കേന്ദ്രം കൈക്കൊള്ളട്ടെ. വര്‍ധിപ്പിച്ച നികുതി കേന്ദ്രം കുറയ്ക്കാന്‍ തയ്യാറായാല്‍ സംസ്ഥാനവും ഇതിനെ കുറിച്ച് ആലോചിക്കും. ക്രൂഡോയിലിന് വില കുറഞ്ഞപ്പോള്‍ ആ ന്യായം പറഞ്ഞു കൊണ്ട് പെട്രോളിന്‍റെ വില കേന്ദ്ര സര്‍ക്കാര്‍ കൂട്ടി. ഇപ്പോള്‍ ക്രൂഡോയിലിന് വില കൂടിയപ്പോള്‍ അതു പറഞ്ഞു കൊണ്ട് വില കൂട്ടൂന്നു. കേന്ദ്ര സര്‍ക്കാര്‍ ആദ്യം ഈ നയം തിരുത്തണം. എന്നിട്ട് മറ്റു സംസ്ഥാനങ്ങളുമായി പെട്രോളിന് എന്തു വില നല്‍കണമെന്ന കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

ഏവിയേഷന്‍ മന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഏവിയേഷന്‍ ഫ്യൂവലിനു മുകളിലുള്ള നികുതി സംസ്ഥാന സര്‍ക്കാര്‍ കുറച്ചു. 28 ശതമാനത്തില്‍ നിന്ന് ആഞ്ചു ശതമാനമായി കുറയ്ക്കുകയായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഏവിയേഷന്‍ ഫ്യൂവലിന്‍റെ നികുതി കൂട്ടി. സംസ്ഥാനങ്ങളുടെ ചുമലിലേക്ക് കേന്ദ്രത്തിന്‍റെ തെറ്റായ നയങ്ങളുടെ പാപഭാരം അടിച്ചേല്‍പ്പിക്കേണ്ട. നികുതി വര്‍ധിപ്പിച്ചത് സംസ്ഥന സര്‍ക്കാരല്ല കേന്ദ്ര സര്‍ക്കാരാണെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.