ആലപ്പുഴ: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിനു വിധേയനായ ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാം ഐ എ എസ് മികച്ച ഉദ്യോഗസ്ഥനാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അഴിമതിക്കെതിരെ സ്തുത്യർഹമായ പ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥനാണ് കെ.എം.എബ്രഹാമെന്നും അഴിമതിക്കെതിരായ എബ്രഹാമിന്റെ നിലപാട് സഹാറ കേസിലൂടെ വ്യക്തമായതാണെന്നും ഐസക്ക് പറഞ്ഞു.

സഹാറ കേസിലെ അദ്ദേഹത്തിന്‍റെ നിലപാട് അതിനു തെളിവാണ്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്തും കേന്ദ്രസർക്കാറിന് കീഴിലും അദ്ദേഹം അഴിമതിവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. 20000 കോടി രൂപയാണ് സഹാറ കേസിലൂടെ കേന്ദ്ര സർക്കാരിന് ലഭിച്ചത്.

വിജിലൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി പറയുമെന്നും മുൻ സർക്കാറിന്‍റെ കാലത്തു നടന്ന അഴിമതികൾക്ക് ഉത്തരവാദികൾ ഉദ്യോഗസ്ഥരല്ല, അന്നത്തെ സർക്കാരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അഴിമതികൾക്ക് മറുപടി പറയേണ്ടത് അന്നത്തെ ഭരണാധികാരികളെന്നും തോമസ് ഐസക്ക് പറഞ്ഞു.

ഏബ്രഹാമിന്‍റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധന വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിനു പിന്തുണയുമായി ധനമന്ത്രി രംഗത്തെത്തിയത്.