നവകേരള നിര്‍മാണത്തിനായി പണം സമാഹരിക്കാന്‍ അമേരിക്കയിലേക്ക് പോകുക വ്യക്തമായ രൂപരേഖയോടെയായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആഗോളതലത്തിലുള്ള ധനസമാഹരണമാണ് ലക്ഷ്യമെന്നും മന്ത്രി തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനായി പണം സമാഹരിക്കാന്‍ അമേരിക്കയിലേക്ക് പോകുക വ്യക്തമായ രൂപരേഖയോടെയായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആഗോളതലത്തിലുള്ള ധനസമാഹരണമാണ് ലക്ഷ്യമെന്നും മന്ത്രി തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പറഞ്ഞു. ഇതിനായി അമേരിക്കയിലേക്ക് പോകുക ധനമന്ത്രി തോമസ് ഐസക് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നവ കേരള നിര്‍മാണത്തിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണ ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് കേരളത്തിന്‍റെ അതിജീവനത്തിന് ഏവരും സഹകരിക്കണമെന്ന് ആഹ്വാനം ചെയ്തു. ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരംകിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുമാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറുള്ളവരെല്ലാം ഗ്ലോബൽസാലറി ചലഞ്ചിൽ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.