അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നും തോമസ് ഐസക്

ആലപ്പുഴ: കുട്ടനാട്ടിലെ വായ്പാ തട്ടിപ്പില്‍ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. തെറ്റുണ്ട് എന്ന് വ്യക്തമാണ്. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു. 

കാര്‍ഷിക വായ്പയുടെ പേരിലുള്ള തട്ടിപ്പിന് പിന്നാലെ കുട്ടനാട്ടില്‍ വിദ്യാഭ്യാസ വായ്പയുടെ പേരിലും വന്‍ തട്ടിപ്പാണ് നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത പുറത്ത് കൊണ്ടുവന്നത്. 

കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാദര്‍ തോമസ് പീലിയാനിക്കല്‍ ശുപാര്‍ശ ചെയ്ത് നേടിയ വിദ്യാഭ്യാസ വായ്പ എടുത്തവരാണ് ജപ്തി ഭീഷണി നേരിടുന്നത്. കുട്ടനാട് വികസന സമിതി വായ്പ എടുത്തവര്‍ക്ക് നല്‍കിയ പാസ്സ് ബുക്കിലൂടെ വായ്പ എടുത്തവര്‍ അടച്ച പണമൊന്നും ബാങ്കിലേക്ക് എത്തിയില്ല. 

ആലപ്പുഴ ചമ്പക്കുളം സ്വദേശി തങ്കച്ചി സുരേന്ദ്രന്, 2004 ല്‍ ചമ്പക്കുളത്തെ സ്റ്റേറ്റ് ബാങ്കില്‍ നിന്നാണ് കുട്ടനാട് വികസന സമിതിയുടെ ശുപാര്‍ശ പ്രകാരം 2,90,000 രൂപ വായ്പ എടുത്തത്. എന്നാല്‍ വായ്പാ തിരിച്ചടവ് ബാങ്കിലായിരുന്നില്ല. ഫാദര്‍ തോമസ് പീലിയാനിക്കലിന്റെ നിര്‍ദ്ദേശ പ്രകാരം കുട്ടനാട് വികസന സമതിയുടെ ഓഫീസിലാണ് പണമടച്ചത്‍. കുട്ടനാട് കുന്നങ്കര സ്വദേശി സുഗുണന്‍റെയും അനുഭവം ഇതുതന്നെ. ഇവരുടെ അറിവില്ലായ്മ ചൂഷണം ചെയ്ത് ബാങ്കില്‍ നിന്ന് എടുത്ത വായ്പ കുട്ടനാട് വികസന സമിതി ഓഫീസിലടച്ച് എല്ലാം നഷ്‌ടപ്പമായവരാണ് പലരും. ഇപ്പോള്‍ ചോദിക്കുമ്പോള്‍ എല്ലാവരും കൈമലര്‍ത്തുന്നു. വായ്പ എടുത്തവര്‍ ആത്മഹത്യയുടെ വക്കിലാണ്.

അതുപോലെ തന്നെ കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരിലും ലക്ഷങ്ങളുടെ വായ്പ തട്ടിപ്പും നടന്നു. കാവാലം സ്വദേശിയായ ഷാജി ആറ് ലക്ഷത്തിലേറെ രൂപയുടെ ജപ്തി നോട്ടീസ് കയ്യില്‍ വരുമ്പോഴാണ് തന്‍റെ പേരില്‍ ആരോ വായ്പ തരപ്പെടുത്തിയതായി അറിയുന്നത്. 2014 നവംബര്‍ മാസം ഏഴാം തീയ്യതി ഷാജിയുടെ വ്യാജ ഒപ്പിട്ട് 83000 രൂപ ആരോ വായ്പയെടുത്തിരിക്കുന്നു. ഇത് ഷാജിയുടെ മാത്രം അനുഭവമല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി.