തമിഴ്നാട് ബന്ദിന് ഭാഗികം തെക്കൻ ജില്ലകളില്‍ കടകള്‍ തുറന്നില്ല, വാഹനങ്ങള്‍ ഓടിയില്ല മറ്റെല്ലായിടത്തും ജനജീവിതം സാധാരണരീതിയില്‍ തൂത്തുക്കുടിയില്‍ ജനജീവിതം സാധാരണനിലയിലേക്ക്
തൂത്തുക്കുടി: തൂത്തുക്കുടി വെടിവെയ്പ്പില് പ്രതിഷേധിച്ച് തമിഴ്നാടില് പ്രതിപക്ഷപാർട്ടികള് ആഹ്വാനം ചെയ്ത ബന്ദ് ഭാഗികം. തെക്കൻ ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ജനജീവിതം സാധാരണപോലെയായിരുന്നു. ചെന്നൈയില് എഗ്മോറില് പ്രതിഷേധപ്രകടനം നടത്തിയ ഡിഎംകെ എംപി കനിമൊഴിയെ അറസ്റ്റ് ചെയ്ത് നീക്കി.
കന്യാകുമാരി, തൂത്തുക്കുടി തുടങ്ങിയ തെക്കൻ ജില്ലകളില് കടകമ്പോളങ്ങള് അടഞ്ഞുകിടന്നു. ബസ്സുകള് സർവീസ് നടത്തിയില്ല. നാഗർകോവിലില് 3 ഇടത്ത് ബസുകള്ക്ക് നേരെ കല്ലേറുണ്ടായി. ചിലയിടങ്ങളില് റോഡുകളും പ്രതിഷേധക്കാർ ഉപരോധിച്ചു. മത്സ്യത്തൊഴിലാളികള് തെക്കൻ ജില്ലകളില് പലയിടത്തും പ്രതിഷേധപ്രകടനങ്ങള് നടത്തി. സംസ്ഥാനത്ത് മറ്റെല്ലായിടത്തും ബന്ദ് ഒരു ചലനവും ഉണ്ടാക്കിയില്ല. ചെന്നൈ നഗരത്തില് ഡിഎംകെ എം പി കനിമൊഴി, വിസികെ പ്രസിഡൻറ് തിരുമാവളവൻ തുടങ്ങിയവർ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നല്കി.
നിരോധനാജ്ഞ നിലനില്ക്കുന്ന തൂത്തുക്കുടിയില് ജനജീവിതം സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരികയാണ്. ഹോട്ടലുകളും കടകളുമെല്ലാം അടഞ്ഞുകിടക്കുന്ന സാഹചര്യത്തില് തൂത്തുക്കുടി നഗരത്തില് കുറഞ്ഞവിലയില് ഭക്ഷണം വിതരണം ചെയ്യാൻ അമ്മ കാൻറീനുകള് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ വെടിവയ്പ്പിൽ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
