തൂത്തുക്കുടി വെടിവയ്‍പ് കലക്ടര്‍ക്കും എസ്‍പിക്കും സ്ഥലം മാറ്റം
തൂത്തുക്കുടിയിലെ പൊലീസ് വെടിവയ്പ്പില് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തമിഴ്നാട് സര്ക്കാരിനോട് വിശദീകരണം തേടി. എസ്പി മുമഹേന്ദ്രനെയും ജില്ലാ കലക്ടര് വെങ്കിടേശനെയും സ്ഥലംമാറ്റി. സംഭവത്തില് ദേശീയ മനുഷ്യാവകാശ കമ്മീഷന് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. തമിഴ് ജനതയെ നിശബ്ദമാക്കാനുള്ള ആര്എസ്എസ് നീക്കമാണ് നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പൊലീസ് നടപടിക്ക് എതിരെ പ്രതിഷേധം രാജ്യവ്യാപകമാവുകയാണ്. ദില്ലി തമിഴ്നാട് ഭവന് മുന്നില് വിവിധ യുവജനസംഘടനകളുടെ നേതൃത്വത്തില് നൂറ് കണക്കിന് പേര് പ്രതിഷേധവുമായി എത്തി. തമിഴരെ ആര്എസ്എസ് കൂട്ടക്കൊല ചെയ്തെന്ന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി ആരോപിച്ചു. കേന്ദ്രസര്ക്കാരിന്റെ ഒത്താശയോടെയുള്ള മനുഷ്യക്കുരുതിയാണ് അണ്ണാഡിഎംകെ സര്ക്കാര് നടപ്പാക്കിതെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല് പ്രതിഷേധം അനിയന്ത്രിതമായതോടെയാണ് പൊലീസ് വെടിവച്ചതെന്നും മറ്റെല്ലാം വിവാദങ്ങള് മാത്രമെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ന്യായീകരിച്ചു. കേന്ദ്രആഭ്യന്ത്രമന്ത്രാലയം തമിഴ്നാട് സര്ക്കാരിനോട് വിശദീകരണം തേടിയതിന് പിന്നാലെയായിരുന്നു ബിജെപി ദേശീയ സെക്രട്ടറിയുടെ പ്രതികരണം. സംഭവത്തില് രണ്ടാഴ്ച്ചക്കകം മറുപടി നല്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അയച്ചു.
