ഇസ്‌ലാമാബാദ്: അമേരിക്കയുടെ ഭീഷണി ഫലം കാണുന്നു. തീവ്രവാദി ഗ്രൂപ്പുകളെ സഹായിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും കടുത്ത പിഴയും ചുമത്തുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. ഭീകരസംഘടനകളെ സഹായിക്കുന്നതിന്റെ പേരില്‍ പാകിസ്ഥാനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിനു പിന്നാലെ പാകിസ്ഥാനെതിരെ എല്ലാ വഴികളും സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം അമേരിക്ക അറിയിച്ചിരുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയായ ഹാഫിസ് സഈദ്, പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് പാക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കേര്‍പ്പെടുത്തിയ 72 സംഘടനകളുടെ പട്ടിക കഴിഞ്ഞദിവസത്തെ ദിനപത്രങ്ങളില്‍ പാക്ക് ഭരണകൂടം പ്രസിദ്ധീകരിച്ചു. ഇവയ്‌ക്ക് സാമ്പത്തിക സഹായം നല്‍കുന്നവര്‍ 10 വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. കനത്ത തുക പിഴയീടാക്കുമെന്നും ഇത്തരക്കാരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹാഫിസ് സഈദ് രൂപം നല്‍കിയ ലഷ്കറെ തയിബ, ജമാഅത്തുദ്ദഅ്‍വ, ഫലായേ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ തുടങ്ങിയവ വിലക്ക് ബാധകമാക്കിയ സംഘടനകളില്‍പ്പെടുന്നു.
1997ലെ ഭീകരവിരുദ്ധ നിയമമനുസരിച്ചും യു.എന്‍ രക്ഷാസമിതി ചട്ടമനുസരിച്ചുമാണ് ഭീകര സംഘടനകളെ സഹായിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാത്തതിന്റെ പേരില്‍ പാക്കിസ്ഥാനുള്ള 200 കോടി ഡോളറിന്റെസുരക്ഷാ സഹായംഅമേരിക്ക മരവിപ്പിച്ചിരുന്നു.
