ഈ രാജ്യത്ത് ജനിക്കുകയും ഇവിടുത്തെ വിഭവങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍, ഈ നാടിന് അമ്മയുടെ സ്ഥാനം നല്‍കുന്നില്ലെങ്കില്‍ അവരുടെ ദേശസ്നേഹം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

വരാണസി: 2024ഓടെ ഇന്ത്യ ഹിന്ദു രാഷ്‌ട്രമാകുമെന്ന പ്രസ്താവനയ്‌ക്ക് പിന്നാലെ യു.പിയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ് വീണ്ടും വിവാദത്തില്‍. കഴിഞ്ഞ ദിവസം ഒരു കര്‍ഷക റാലിയില്‍ പങ്കെടുക്കവെ, ഭാരത് മാതാ കീ ജയ് എന്ന് പറയാത്തവരെല്ലാം പാകിസ്ഥാനികളാണെന്നായിരുന്നു ബൈരിയയില്‍ നിന്നുള്ള എം.എല്‍.എയുടെ വാക്കുകള്‍.

എ.പി.ജെ അബ്ദുല്‍ കലാമിനെ ആദരിച്ചത് ബി.ജെ.പിയാണ്. എന്നാല്‍ നിയമസഭയില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാത്തവരെ ഞാന്‍ പാകിസ്ഥാനികള്‍ എന്നുതന്നെ വിളിക്കും. ഭാരത് മാതാ കീ ജയ് വിളിക്കാത്തവരൊക്കെ എന്റെ ജനങ്ങളെ കൊന്നൊടുക്കുന്ന പാകിസ്ഥാനികളാണ്. ഈ രാജ്യത്ത് ജനിക്കുകയും ഇവിടുത്തെ വിഭവങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍, ഈ നാടിന് അമ്മയുടെ സ്ഥാനം നല്‍കുന്നില്ലെങ്കില്‍ അവരുടെ ദേശസ്നേഹം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അത്തരക്കാര്‍ ഈ രാജ്യത്ത് താമസിക്കേണ്ടതില്ല. പാകിസ്ഥാനെയും ബംഗ്ലാദേശിനെയും ആദരിക്കുന്നവര്‍ ഇന്ത്യയെ സ്നേഹിക്കുന്നില്ല. അവര്‍ രാജ്യം വിട്ട് പോകണം. ഭാരത് മാതാ കീ ജയ് പറയാന്‍ മടിക്കുന്നവര്‍ക്ക് ഇവിടെ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താന്‍ അര്‍ഹതയില്ലെന്നും സുരേന്ദ്ര സിങ് പറഞ്ഞു.

എന്നാല്‍ താന്‍ ഒരു സമുദായത്തെയും പ്രത്യേകമായി ഉദ്ദേശിച്ചിട്ടില്ലെന്നും ഹിന്ദുക്കളോ മുസ്ലിംകളോ സിഖ്കാരോ ക്രിസ്ത്യാനികളോ ആരായാലും ഭാരത് മാതാ കീ ജയ് പറയാന്‍ മടിയുള്ളവര്‍ സ്വഭാവം കൊണ്ട് പാകിസ്ഥാനികളാണെന്നുമായിരുന്നു അദ്ദേഹം പിന്നീട് വിശദീകരിച്ചത്. അബ്ദുല്‍ കലാമിനെ പോലെ ദേശസ്നേഹികളായ നിരവധി മുസ്ലിം സഹോദരങ്ങളുണ്ട്. അവരെ ബിജെപി അഭിവാദ്യം ചെയ്യുന്നു. എന്നാല്‍ അറവുകാരെ പോലെ പെരുമാറുന്നവരെ ശക്തമായിത്തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.