രാജ്യത്തെ വിവിധ ജയിലുകളില്‍ നിന്ന് 1148 തടവുകാരെ ഇതുവരെ മോചിപ്പിച്ചതായി ജയില്‍വകുപ്പ് വക്താവ് അയ്യൂബ് ബിന്‍ നാഹിത് അറിയിച്ചു. 

റിയാദ്: റമദാനോടാനുബന്ധിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ ആയിരത്തിലധികം തടവ് പുള്ളികള്‍ മോചിതരായി. രാജ്യത്തെ വിവിധ ജയിലുകളില്‍ നിന്ന് 1148 തടവുകാരെ ഇതുവരെ മോചിപ്പിച്ചതായി ജയില്‍വകുപ്പ് വക്താവ് അയ്യൂബ് ബിന്‍ നാഹിത് അറിയിച്ചു. 

മക്ക പ്രവിശ്യയില്‍ 267 തടവു പുള്ളികളെ മോചിപ്പിച്ചു. അസീറില്‍ പൊതുമാപ്പിനു അര്‍ഹരായ 147 പേരില്‍ 42 പേരെ മോചിപ്പിച്ചു. രാജാവിന്‍റെ നിര്‍ദേശപ്രകാരം ജയില്‍മോചനത്തിനു അര്‍ഹാരായവരുടെ പട്ടിക പെട്ടെന്ന് തയ്യാറാക്കുകയാണ് ജയില്‍ വകുപ്പും പൊതുമാപ്പ് സമിതിയും. രാപകല്‍ ഭേതമന്യേ സമിതി ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരമാവധി നേരത്തെ അര്‍ഹരായവരെ മോചിപ്പിക്കുമെന്നും അയ്യൂബ് ബിന്‍ നാഹിത് പറഞ്ഞു. 

തടവ് കാലയളവിന്റെ പകുതി പിന്നിട്ടവരും പൊതുമാപ്പിനു അര്‍ഹരാണ്. അര്‍ഹരായ വിദേശ തടവുകാരെയും മോചിപ്പിക്കും. എന്നാല്‍ അഞ്ച് ലക്ഷം റിയാലില്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതയുള്ളവരുടെ കേസുകള്‍ വീണ്ടും കോടതിയും, ധനകാര്യ വകുപ്പും പരിശോധിക്കും.കൂടോത്രം, മനുഷ്യക്കടത്ത്, ബാലപീഡനം, രഹസ്യ വിവരങ്ങള്‍ ചോര്‍ത്തല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളില്‍ തടവ്ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പൊതുമാപ്പ് ലഭിക്കില്ല.