പ്രാഥമിക അന്വേഷണത്തില്‍ ആസാമില്‍ നിന്നാണ് സന്ദേശം വന്നതെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരുന്നതേയുള്ളവെന്നും ദില്ലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ഇ-മെയില്‍ സന്ദേശം. ദില്ലി പൊലീസ് കമ്മീഷണര്‍ക്കാണ് സന്ദേശം ലഭിച്ചതെന്ന് ദില്ലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്മീഷണറിന്‍റെ ഇ-മെയില്‍ വിലാസത്തില്‍ സന്ദേശത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍ ആസാമില്‍ നിന്നാണ് സന്ദേശം വന്നതെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരുന്നതേയുള്ളവെന്നും ദില്ലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ നരേന്ദ്ര മോദിയെ അപായപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പൂനെ പൊലീസ് അറസ്റ്റുകള്‍ നടത്തിയിരുന്നു.

മോദിയുടെ റോഡ് ഷോയ്ക്കിടയില്‍ അദ്ദേഹത്തെ വധിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് കണ്ടെത്തിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ജനപിന്തുണ കുറയുന്ന അവസരത്തില്‍ മോദിയുടെ കുതന്ത്രമാണ് ഈ വധഭീഷണികള്‍ക്ക് പിന്നിലെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.