വനിതാ മതിലിൽ പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾ പിരിച്ചുവിടുമെന്ന് ഭീഷണി. കുടുംബശ്രീ ഭാരവാഹികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ്  നിറമരുതൂര്‍ പഞ്ചായത്ത് സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രേമലത ശബ്ദ സന്ദേശം അയച്ചത്.

മലപ്പുറം: വനിതാ മതിലിൽ പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾ പിരിച്ചുവിടുമെന്ന് ഭീഷണി. കുടുംബശ്രീ ഭാരവാഹികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് നിറമരുതൂര്‍ പഞ്ചായത്ത് സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രേമലത ശബ്ദ സന്ദേശം അയച്ചത്.

പ്രൊജക്ട് അസിസ്റ്റന്‍റ് ഓഫീസര്‍ വിനോദിന്‍റെ നിര്‍ദേശ പ്രകാരമാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. അയല്‍ക്കൂട്ടങ്ങള്‍ക്കെതിരെ നടപടി മാത്രമല്ലെന്നും പങ്കെടുക്കാത്തവര്‍ക്ക് ഭാവിയില്‍ ആനുകൂല്യങ്ങളൊന്നും ഉണ്ടാകില്ലെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

ഇതിനെതിരെ പ്രതിഷേധവും വ്യാപകമാകയി. നിറമരുതൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് യു ഡി എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി. പക്ഷപാതപരമായി പെരുമാറുന്ന സിഡിഎസ് ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

എന്നാല്‍ അത്തരത്തില്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് കുടുംബശ്രീയുടെ വിശദീകരണം. പ്രേമലത സ്വന്തം നിലയില്‍ ഇക്കാര്യം പറഞ്ഞതാണെന്നും സംഭവത്തില്‍ വിശദീകരണം തേടിയതായും കുടുംബശ്രീ ജില്ലാ മിഷന്‍ അറിയിച്ചു.