പ്രതിഷേധത്തിന്റെ ഭാഗമായി കൈകളിൽ കറുത്ത റിബൺ കെട്ടി സ്റ്റേഷനിലെത്തിയ കോൺസ്റ്റബിൾമാരായ ജിതേന്ദ്ര കുമാർ വർമ, സുമിത്കുമാർ, ഗൗരവ് ചൗധരി എന്നിവരേയാണ് സസ്പെൻഡ് ചെയ്തത്. കൈ കാണിച്ചപ്പോൾ വാഹനം നിർത്താതെ പോയെന്നാരോപിച്ചാണ് വിവേകിനെതിരെ പൊലീസ് വെടിയുതിർത്തത്. സംഭവത്തിൽ കോൺസ്റ്റബിൾ പ്രശാന്ത് ചൗധരി ഉൾപ്പെടെ രണ്ട് പേരെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
ലക്നൗ: ഉത്തർപ്രദേശിൽ ആപ്പിള്‍ എക്‌സിക്യൂട്ടീവ് വിവേക് തിവാരിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കോൺസ്റ്റബിളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച പൊലീസുക്കാരെ സസ്പെൻഡ് ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി കൈകളിൽ കറുത്ത റിബൺ കെട്ടി സ്റ്റേഷനിലെത്തിയ കോൺസ്റ്റബിൾമാരായ ജിതേന്ദ്ര കുമാർ വർമ, സുമിത്കുമാർ, ഗൗരവ് ചൗധരി എന്നിവരേയാണ് സസ്പെൻഡ് ചെയ്തത്. കൈ കാണിച്ചപ്പോൾ വാഹനം നിർത്താതെ പോയെന്നാരോപിച്ചാണ് വിവേകിനെതിരെ പൊലീസ് വെടിയുതിർത്തത്. സംഭവത്തിൽ കോൺസ്റ്റബിൾ പ്രശാന്ത് ചൗധരി ഉൾപ്പെടെ രണ്ട് പേരെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

സംഭവത്തിൽ അനാസ്ഥ കാട്ടിയെന്ന് കാണിച്ച് ജിതേന്ദ്ര (അലിഗഞ്ച്), ഗുദംബ (സുമിത്), നാക ഹിൻഡോള (ഗൗരവ്) എന്നീ സ്റ്റേഷൻ ഹൗസ് ഓഫീസർമാരേയും ജോലിയിൽനിന്നും നീക്കം ചെയ്തിട്ടുണ്ട്. കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുന്നതിന് ആഹ്വാനം ചെയ്ത സ്റ്റേഷനിലെ മുൻ കോൺസ്റ്റബിൾമാരായ അവിനാഷ് പതക്, വിജേന്ദർ യാധവ് എന്നിവരെ മിർസാപൂർ, വാരാണസി എന്നീ സ്റ്റേഷനുകളിൽനിന്നുമായി അറസ്റ്റ് ചെയ്തു. നടപടി വിധേയമായവർക്കെതിരെ അന്വേഷണം ആരംഭിച്ചതായി ഉത്തർപ്രദേശ് ഡിഐജി (ലോ ആൻഡ് ഓർഡർ) പ്രവീൺ കുമാർ പറഞ്ഞു.
സ്റ്റേഷനിൽ കറുത്ത റിബൺ കെട്ടി വന്ന കോൺസ്റ്റബിൾമാരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ ചിത്രങ്ങൾ മോർഫ് ചെയ്തതാണെന്നായിരുന്നു കോൺസ്റ്റബിൾമാരുടെ വാദം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചിത്രങ്ങൾ മോർഫ് ചെയ്തതല്ലെന്നും നടപടിക്ക് വിധേയരായ പൊലീസുക്കാർ തന്നെയാണ് ചിത്രങ്ങൾ അപ്ലോഡ് ചെയ്തതെന്നും കണ്ടെത്തി.
സെപ്തംബർ 29ന് പുലര്‍ച്ചെയാണ് ആപ്പിള്‍ കമ്പനി സെയില്‍ മാനേജര്‍ വിവേക് തിവാരിയെ(38) ഉത്തർപ്രദേശ് പൊലീസ് വെടിവെച്ചു കൊന്നത്. പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിർത്താതെ ഓടിച്ച് പോയതിനെ തുടർന്നാണ് വെടിവെച്ചത് എന്നാണ് പൊലീസിന്‍റെ വാദം. എന്നാല്‍ വിവേകിന്‍റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനാ ഖാന്‍ പൊലീസിന്‍റെ ഈ വാദം നിഷേധിച്ചു.
