കൊല്ലം:കൊല്ലം കുന്നിക്കോട് ബസും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പത്തനാപുരം സ്വദേശി ആബുലന്‍സ് ഡ്രൈവര്‍ സുബിന്‍ തോമസ് കോശിയും, ആംബുലന്‍സില്‍ ഉണ്ടായിരുന്ന പത്തനാപുരം സ്വദേശി ഫാത്തിമ ബീവിയും കൊച്ചുമകന്‍ ശരീഫ് എന്നിവരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കുന്നിക്കോട് പച്ചിലവളവ് ജംഗ്ഷനില്‍ പള്ളിക്കു സമീപമായിരുന്നു അപകടം. പത്തനാപുരത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലേയ്ക്ക് പോവുകയായിരുന്ന ആംബുലന്‍സും കൊല്ലത്ത് നിന്ന് പുനലൂര്‍ പോകുന്ന കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്നവരാണ് മരിച്ചത്.
ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ മരിച്ച ഫാത്തിമബീവിയുടെ മകള്‍ ഹാജിറ ബീവി, കൊച്ചുമകള്‍ സബീന എന്നിവര്‍ക്കാണ്ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലേയ്ക്ക് മാറ്റി.
രോഗിയുമായി വേഗതയില്‍ പോയ ആംബുലന്‍സിന് നിയന്ത്രണം നഷ്ടപെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. കലഞ്ഞൂരിലെ സ്വകാര്യ ആശുപത്രിയുടേതാണ് ആംബുലന്‍സ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ബസ്സിലുള്ളവര്‍ക്കു കാര്യമായ പരുക്കുകള്‍ ഇല്ല.
