ദില്ലി: തങ്ങള്‍ക്കുള്ള വി.ഐ.പി സുരക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ മൂന്ന് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ സിആര്‍പിഎഫിന് കത്ത് നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്‍റ് പികെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് സി.ആര്‍.പി.എഫിന്റെ വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ളത്. ഇതില്‍ കെ സുരേന്ദ്രന്‍ ഒഴികയുള്ളവരാണ് സുരക്ഷ പിന്‍വലിക്കാന്‍ സി.ആര്‍.പി.എഫിനോട് ആവശ്യപ്പെട്ടത്. പ്രത്യകിച്ച് കാരണമൊന്നും പറയാതെയാണ് സുരക്ഷ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

2016 ല്‍ സി.പി.എം അധികാരത്തിലെത്തിയ ശേഷമാണ് മൂവര്‍ക്കും വിഐപി സുരക്ഷ കേന്ദ്രം ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ സിപിഎം ആക്രമണം പെരുകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ആഭ്യന്തര മന്ത്രാലയത്തോട് സുരക്ഷ ആവശ്യപ്പെട്ടത്. നേതാക്കളുടെ ആവശ്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. സി.ആര്‍.പി.എഫിന് നേതാക്കള്‍ നല്‍കിയ കത്ത് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. 

സാധാരണ രീതിയില്‍ ജീവിതം നയിക്കുന്ന നേതാക്കള്‍ക്ക് 14ഓളം സുരക്ഷാ ഉദ്ദ്യോഗസ്ഥരെ സ്വന്തം വീട്ടില്‍ എപ്പോഴും താമസിപ്പിക്കുന്നതിനുള്ള പ്രയാസമാണ് സുരക്ഷ വേണ്ടെന്ന് വെയ്ക്കാന്‍ കാരണമെന്നാണ് ആഭ്യന്തര മന്ത്രാലത്തിലെ മുതിര്‍ന്ന ഉദ്ദ്യോഗസ്ഥന്‍ അറിയിച്ചത്. കണ്ണൂരിലെ ആര്‍.എസ്.എസ് വിഭാഗ് കാര്യവാഹക് ശശിധരനും സി.ആര്‍.പി.എഫിന്റെ സുരക്ഷ നല്‍കുന്നുണ്ട്. ഇദ്ദേഹത്തിന് എക്സ് കാറ്റഗറി സുരക്ഷയായതിനാല്‍ എപ്പോഴും ഒരു ഉദ്ദ്യോഗസ്ഥനാണ് ഒപ്പമുണ്ടാവുക.