Asianet News MalayalamAsianet News Malayalam

സ്‌കൂള്‍ പരിസരത്തെ മയക്കുമരുന്ന്‌ പെണ്‍വാണിഭ സംഘം; മൂന്നുപേര്‍ കൂടി പിടിയില്‍

Three men arrested in drug racket
Author
First Published Aug 1, 2016, 12:02 PM IST

ആലപ്പുഴ: ആലപ്പുഴയില്‍ സ്‌കൂള്‍ പരിസരത്ത് ലഹരിമരുന്നു കച്ചവടം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. കുട്ടനാട് സ്വദേശികളായ സനല്‍, സനീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടി. രഹസ്യകോഡ് ഉപയോഗിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വില്‍പനയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സ്‌കൂള്‍ പരിസരത്ത് വീട് വാടകയ്‌ക്കെടുത്ത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് ലഹരിമരുന്നു വിതരണം ചെയ്യുന്ന സംഘത്തെ കഴിഞ്ഞ ദിവസം എക്‌സൈസ് ആലപ്പുഴയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ സംഘത്തലവന്‍ ബിനോയിയെ ചോദ്യം ചെയ്തതില്‍ സംഘത്തിന്‍റെ വേര് ആഴത്തിലാണെന്ന് വ്യക്തമായി. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തലവന്‍ എക്‌സൈസ് സി.ഐ ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നുപേര്‍ ഒന്നരക്കിലോ കഞ്ചാവുമായി പിടിയിലായത്.

തമിഴ്‌നാട്ടിലെ കമ്പത്ത് നിന്ന് സനലിന്റെ നേതൃത്വത്തിലാണ് ഇവര്‍ കഞ്ചാവ് എത്തിച്ചിരുന്നത്. ഈ കഞ്ചാവ് 5 ഗ്രാം വീതമുള്ള പായ്ക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് വില്‍പന. പായ്ക്കറ്റ് ഒന്നിന് 500 രൂപയ്ക്ക് വില്‍പന നടത്തുകയായിരുന്നു പതിവ്.

രഹസ്യകോഡ് ഉപയോഗിച്ചായിരുന്നു വില്‍പന. കഞ്ചാവിനായി ഫോണില്‍ ബന്ധപ്പെടുന്നവരോട് ഇവര്‍ കോഡ് ചോദിക്കും. ടോണി പറഞ്ഞിട്ട് വിളിക്കുകയാണെന്ന് മറുപടി നല്‍കുന്നവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കും. ബൈക്കില്‍ കറങ്ങി നടന്നായിരുന്നു ഇവരുടെ കഞ്ചാവ് വില്‍പനയെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. വധശ്രമം അടക്കമുളള കേസുകളില്‍ പ്രതിയാണ് സനല്‍, മറ്റ് രണ്ട് പ്രതികളും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ നേരത്തെ പിടിയിലായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios