കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കനത്ത മഴയിൽ ജില്ലയിലെ റോഡുകൾ പലതും വെള്ളത്തിനടിയിലായി.
മലപ്പുറം: കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കനത്ത മഴയിൽ ജില്ലയിലെ റോഡുകൾ പലതും വെള്ളത്തിനടിയിലായി.
കൊണ്ടോട്ടി കൈതക്കുണ്ട സ്വദേശി അസീസ്, ഭാര്യ സുനീറ, മകൻ ആറ് വയസുകാരനായ ഉബൈദ് എന്നിവരാണ് മരിച്ചത്. രാത്രി രണ്ട് മണിയോടെ ഇവരുടെ കിടപ്പുമുറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന രണ്ടുകുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷാപ്രവർത്തനം നടത്താനായില്ല. മണ്ണ് വീണ ആഘാതത്തിൽ വീട് ഇടിയാറായി നിൽക്കുന്നതിനാൽ ആർക്കും അകത്ത് കയറാനായില്ല.
രാവിലെ പൊലീസും ഫയർഫോഴ്സും എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ഉണ്ടായ അതിശക്തമായ മഴയിൽ പാലക്കാട് - കോഴിക്കോട് റോഡിൽ പലയിടത്തും വെള്ളം കയറി. കൂട്ടിലങ്ങാടി, അറവങ്കര, ഐക്കരപ്പടി എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിൽ രണ്ടിടത്ത് ചെറിയ ഉരുൾപൊട്ടലുമുണ്ടായി. കൊണ്ടോട്ടിക്ക് സമീപം പള്ളിക്കലിലും വേങ്ങരക്ക് സമീപം തോട്ടശ്ശേരിയറയിലും.
"
