ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത പൊലീസുകാരെ സസ്പെന്‍റ് ചെയ്തു.

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ മൂന്ന് പൊലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അടിവയറ്റിലേറ്റ കടുത്ത മര്‍ദനമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ നിഗമനം. ശ്രീജിത്തിന്റെ സംസ്കാരം ഇന്നു രാത്രിതന്നെ വരാപ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും

വൈകുന്നേരം ഏഴുമണിയോടെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ശ്രീജിത്തിന്റെ മൃതദേഹം വരാപ്പുഴയില്‍ എത്തിച്ചത്. ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ദേശീയപാത ഉപരോഗിച്ചു. ഒടുവില്‍ ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി മൂന്നു പൊലീസുകാരെ സസ്‌പെന്‍‍ഡ് ചെയ്തതായി അറിയച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

ഇതിനിടെ ആളുമാറിയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ആരോപണവുമായി മരിച്ച വാസുദേവന്‍റെ മകന്‍ വീനീഷ് രംഗത്തെത്തി. എന്നാല്‍ ഇയാളുടെ വാദം കളവാണെന്നും ശ്രീജിത്തിനേയും സഹോദരന്‍ സജിത്തിനേയും പൊലീസ് സ്റ്റേഷനില്‍ വെച്ച് തിരിച്ചറഞ്ഞി വിനീഷ് മൊഴി തന്നിരുന്നെന്നും എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു. അടിവയറ്റിലേറ്റ മര്‍ദനമാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്. ഐ ജി എസ് ശ്രീജിത്തിനൊപ്പം ക്രൈംബ്രാഞ്ച് എസ് പി മാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീജിത്തിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി വരാപ്പുഴയില്‍ ഹര്‍ത്താലാചരിച്ചു. കൈക്കുഞ്ഞുമായി എത്തിയ കുടുംബത്തെ സമരക്കാര്‍ ആക്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. റോഡിലൂടെ പോയ പെണ്‍കുട്ടികളടക്കമുളള ഹര്‍ത്താല്‍ അനുകൂലികള്‍ തടയുകയും അസഭ്യം പറയുകയും ചെയ്തു.