ഹൈടെക് രീതിയില്‍ ബാങ്ക് കവര്‍ച്ച നടത്തുന്ന രാജ്യാന്തര ശൃഖലയിലെ മൂന്നു പേരാണ് തലസ്ഥാനത്തെ മുന്തിയ ഹോട്ടലുകളില്‍ തങ്ങി തട്ടിപ്പ് നടത്തിയത്. കോവളം, തമ്പാനൂര്‍, സ്റ്റാച്യു എന്നിവടങ്ങളിലെ ഹോട്ടലുകളിലായിരുന്നു ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇലി, ഫ്ലോറിക്, ക്രിസ്റ്റ്യന്‍ വിക്ടര്‍ എന്നീ റുമേനിയന്‍ വംശജര്‍ താമസിച്ചിരുന്നു. ടൂറിസ്റ്റുകള്‍ എന്ന വ്യാജേനയാണ് ഇവര്‍ മുറിയെടുത്തതെന്ന് ഹോട്ടലധികൃര്‍ പറഞ്ഞു. ഒരു ഹോട്ടലിന്റെ വിലാസം ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ രണ്ട് ബൈക്കുകള്‍ കോവളത്തുനിന്നും വാടകക്കെടുത്തത്. ഈ വാഹനങ്ങള്‍ പൊലീസ് കണ്ടെടുത്തു. തമ്പാനൂരിലെ ഹോട്ടലില്‍ ആദ്യം താമസിക്കാനെത്തിയ ഇലിയുടെ കൈവശം മൂന്നു ഹെല്‍മറ്റുകളും ഉണ്ടായിരുന്നു.

ഹോട്ടലുകളില്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ തട്ടിപ്പുകാര്‍ നല്‍കിയിരുന്നു. എടിഎം കാര്‍ഡിന്റെ വിശദാംശങ്ങള്‍ മനസിലാക്കാനായി തട്ടിപ്പുകാര്‍ ക്യാമറയും ഉപകരങ്ങളും സ്ഥാപിക്കുന്നതിന്റെ സി.സി.ടി.വി ദൃശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഐ.ജി മനോജ് എബ്രഹാമിന്റ നേതൃത്വത്തിലാണ് സൈബര്‍ വിദഗ്ദരടങ്ങിയ സംഘം കേസ് അന്വേഷിക്കുന്നത്. ആല്‍ത്തറയിലെ തട്ടിപ്പ് നടന്ന എടിഎം എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ വിദഗ്ദര്‍പരിശോധിച്ചു. മുംബൈയില്‍ നിന്നാണ് വ്യാജ എ.ടി.എമ്മുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ചിരിക്കുന്നത്. പ്രത്യേക സംഘം മുംബൈയിലും അന്വേഷണം നടത്തുന്നുണ്ട്.