കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ ജന്‍ഫര്‍, ഷിറാഫ്, മെഹബൂബ് എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 21നാണ് കണ്ണൂര്‍ തളാപ്പ് സ്വദേശിയും യുവമോര്‍ച്ച പ്രവര്‍ത്തകനുമായ സുശീലിനെ ഇവര്‍ വീടിനു മുന്നിലിട്ട് വെട്ടിയത്.

കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് സുശീലിനെതിരായ ആക്രമണത്തിലേക്ക് നയിച്ചത്. ഇവരില്‍ നിന്ന് രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കണ്ണൂര്‍ തളപ്പില്‍ ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം സിപിമ്മിന്റെ തലയില്‍ കെട്ടി വയ്ക്കാനുള്ള ആര്‍എസ്എസ് നീക്കം ഇതോടെ പൊളിഞ്ഞതായി സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ ആര്‍എസ്എസ്-എസ്ഡിപിഐ കൂട്ടുകെട്ടിന്റെ വഞ്ചന വെളിച്ചത്തു വന്നിരിക്കുകയാണ്. രണ്ടു സംഘടനകളും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്നും. ജില്ലയിലെ സിപിഎം നേതാക്കള്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ സുശീല്‍ കുമാറിന്റെ വീട് സന്ദര്‍ശിക്കുമെന്നും ജയരാജന്‍ പറഞ്ഞു.