കോഴിക്കോട്: ബേപ്പൂര്‍ തീരത്ത് ബോട്ട് അപകടത്തില്‍ പെടുമ്പോള്‍ സമീപത്ത് ഉണ്ടായിരുന്നത് മൂന്നു കപ്പലുകളെന്ന് നാവിക സേന. അപകടം നടന്നത് രാജ്യാന്തര മേഖലയിലാണെന്നും നാവികസേനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്നത് അറിയാൻ വൈകിയതിനാലാണ് ഇടിച്ച കപ്പല്‍ കണ്ടെത്താൻ സാധിക്കാത്തതെന്നും മരിച്ചവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കുമെന്നും ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബേപ്പൂര്‍ തീരത്ത് ബോട്ട് തകര്‍ന്നത് കപ്പലിടിച്ചാണെന്ന് അപകടത്തില്‍നിന്ന്  രക്ഷപ്പെട്ട തൊഴിലാളികള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ ഫിഷറീസ് വകുപ്പ് സതേണ്‍ നേവല്‍ കമാന്‍ഡിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് നാവികസേന നല്‍കിയ മറുപടിയിലാണ് അപകടം നടന്ന സാഹചര്യം സംബന്ധിച്ച സൂചനകള്‍ ഉളളത്. തൊഴിലാളികള്‍ പറയുന്ന സ്ഥലവും സമയവും അനുസരിച്ച് അപകടം നടന്നത് രാജ്യാന്തര മേഖലയിലാണ്.

ഈ സമയം ഈ മേഖലയില്‍ മൂന്നു കപ്പലുകളാണ് ഉണ്ടായിരുന്നത്. ശ്രീലങ്കയിലേക്കും ഗുജറാത്തിലേക്കും മുംബൈയിലേക്കും പോകുന്ന കപ്പലുകളായിരുന്നു ഇവ. രാജ്യാന്തര മേഖലയിലെ അപകടമായതിനാല്‍ അന്വേഷണം നടത്താന്‍ പരിമിതിയുണ്ടടെന്നും നാവിക സേന പറയുന്നു. അതിനിടെ, അപകടത്തില്‍ മരിച്ച തൊഴിലാളി ആന്‍റണിയുടെ മൃതദേഹം കോഴിക്കോട് ആശുപ്ത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മൃതദേഹം സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തകുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കാണാതായ മറ്റു മൂന്നു പേര്‍ക്കായുളള തിരച്ചില്‍ പുരോഗമിക്കുകയാണ്. ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്താന്‍ കഴിയാത്തതിലുളള അമര്‍ഷത്തിലാണ് മല്‍സ്യത്തൊഴിലാളികള്‍