തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തെന്ന പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ താഹിര്‍, റിഷാദ്, ശരത് എന്നിവരെയാണ് പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തത്. ഇവര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ വിദ്യാര്‍ത്ഥിയെ മൂന്നു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഹോസ്റ്റിലും പുറത്തും വച്ച് സ്ഥിരമായി മര്‍ദ്ദിക്കുമെന്ന് കൊല്ലം സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ വച്ച് മര്‍ദ്ദിക്കുന്നത് ചിലര്‍ കണ്ടിരുന്നു. ഇവരാണ് ഒന്നാം വര്‍ഷക്കാരനെ സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിക്കുകയും പൊലീസിനെയും രക്ഷിതാക്കളെയും വിവരമറിയിക്കുകയും ചെയ്തത്. രക്ഷിതാവെത്തി പ്രിന്‍സിപ്പലിന് പരാതി നല്‍കുകയായിരുന്നു. മര്‍ദ്ദിച്ചതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ പേരുമാത്രമായിരുന്നു പരാതിയിലുണ്ടായിരുന്നത്. മറ്റ് രണ്ടുപേരെ കണ്ടാലറിയമെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. പ്രിന്‍സിപ്പല്‍ പിന്നീട് ഈ പരാതി മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
