അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ശ്രമം തുടങ്ങി
തൃശൂര്: ബാലഭവന് മുറ്റത്ത് പി.എസ്.സി ആസ്ഥാനം നിര്മ്മിക്കാനുള്ള നീക്കം സര്ക്കാര് ഉപേക്ഷിച്ചു. മറ്റ് അനുയോജ്യമായ സ്ഥലം കണ്ടെത്താന് കളക്ടറുടെ നേതൃത്വത്തില് ശ്രമം തുടങ്ങി. പി.എസ്.സി. ആസ്ഥാനം നിര്മ്മിക്കുന്നതിന് മുന്നറിയിപ്പുകളില്ലാതെ കലക്ടറുടെ നേതൃത്വത്തില് സംഘമെത്തിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെ കലക്ടര്ക്കും, സര്ക്കാരിനും ബാലഭവന് അധികൃതര് കത്ത് നല്കുകയും ബാലഭവന് പ്രവര്ത്തനങ്ങള് ബോധ്യപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പി.എസ്.സിക്ക് വേണ്ടി ബാലഭവന് മുറ്റം വെട്ടിമുറിയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നത്.
ബാലഭവന് പ്രവര്ത്തിക്കുന്ന സ്ഥലം പാട്ടത്തിന് നല്കണമെന്നാവശ്യപ്പെട്ട് സര്ക്കാരിന് കത്ത് നല്കിയതായും ബാലഭവന് അധികൃതര് അറിയിച്ചു. റവന്യൂ പുറമ്പോക്കായ 60 സെന്റില് 1991 മുതലാണ് ബാലഭവന് പ്രവര്ത്തനമാരംഭിച്ചുവെങ്കിലും ഇതുവരെയും ബാലഭവന് ഭൂമി അനുവദിച്ചു നല്കിയിട്ടില്ല. ആയിരക്കണക്കിന് വിദ്യാര്ഥികള് അവധിക്കാല ക്യാമ്പിനെത്തുന്ന ബാലഭവനില് കുട്ടികള്ക്കായി ക്യാമ്പ് ഒരുക്കുന്നതിനും കളിയുപകരണങ്ങള് വിന്യസിക്കുന്നതിനും സ്ഥലപരിമിതി നേരിട്ടുകൊണ്ടിരിക്കെയായിരുന്നു ഇവിടെ പി.എസ്.സിക്ക് കെട്ടിട നിര്മ്മാണത്തിന് സ്ഥലം അനുവദിക്കാന് സര്ക്കാരിന്റെ നിര്ദ്ദേശം.
ബാലഭവന്റെ ചെയര്മാന് കൂടിയാണ് കലക്ടര് എന്നിരിക്കെ പി.എസ്.സിക്ക് വേണ്ടി പരിശോധനക്കെത്തിയതിലും ഭരണസമിതി എതിര്പ്പുയര്ത്തിയിരുന്നു. കളക്ടറെ കാര്യങ്ങള് ബോധ്യപ്പെടുത്തിയതോടെ പി.എസ്.സി കെട്ടിടത്തിനായി മറ്റ് സ്ഥലങ്ങള് പരിഗണിക്കാമെന്ന നിലപാടിലെത്തിയതായി ബാലഭവന് ഡയറക്ടര് പി.കൃഷ്ണന്കുട്ടി പറഞ്ഞു.റവന്യൂ പുറമ്പോക്കില് പെടുന്ന ഭൂമി പതിച്ചുനല്കുകയോ ലീസിനു നല്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സര്ക്കാരിന് കത്ത് നല്കിയെന്ന് പി.കൃഷ്ണന്കുട്ടി പറഞ്ഞു.
സി.എന്.ജയദേവന് എം.പി 10 ലക്ഷം ബാലഭവന്റെ വികസനത്തിനായി അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ട് ഉപയോഗിച്ച് കുട്ടികള്ക്ക് സിനിമാപ്രദര്ശനത്തിനായി തിയേറ്റര് സംവിധാനവും നാടകാവതരണത്തിനായുള്ള വേദിയും സജ്ജമാക്കും. നഗരത്തിലെ കണ്ണായ സ്ഥലത്ത് പ്രവര്ത്തിക്കുന്ന ബാലഭവന്റെ കളിമുറ്റം വെട്ടിമുറിക്കണമെന്ന ആവശ്യവുമായി ഇനിയാരും വരാതിരിക്കാന് ഈ സ്ഥലം ശാശ്വതമായി ബാലഭവന് ലഭ്യമാക്കാന് സര്ക്കാര് നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്.
