വല്‍സന്‍ രാമംകുളത്ത്
തൃശൂർ: കോർപ്പറേഷൻ കൈ കോർത്തതോടെ വെള്ളെഴുത്തില്ലാത്ത പുതുപുത്തൻ സിസിടിവി ക്യാമറകളാൽ പൊലീസിന് പൂര നഗരത്തെ നിരീക്ഷിക്കാം. സംസ്ഥാനത്തെ സുപ്രധാന നഗരങ്ങളും ഗ്രാമ വീഥികൾ പോലും സിസിടിവി ക്യാമറകളാൽ കൺമുന്നിൽ കാണാൻ സംവിധാനമുണ്ടെന്നിരിക്കെ, സാംസ്കാരിക തലസ്ഥാന നഗരത്തിലെ പൊലീസ് അപമാനത്തിലായിരുന്നു. പ്രസിദ്ധമായ സ്വരാജ് റൗണ്ടിലെ ക്യാമറകളിലടക്കം പതിയുന്ന കാഴ്ചകൾ നിഴലായാണ് ഇവർക്ക് കിട്ടിയിരുന്നത്. നഗരത്തിൽ നടമാടുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അന്വേഷണം തുമ്പില്ലാതെ വിയർക്കുകയായിരുന്നു സിറ്റി പൊലീസ്.
സാംസ്കാരിക തലസ്ഥാനത്ത് സ്ഥാപിക്കുന്നത് അഞ്ച് കോടിയുടെ സിസിടിവി ക്യാമറകൾ
സിറ്റി പൊലീസ് കമ്മിഷണറേറ്റാണ് തൃശൂർ നഗരത്തിലേക്ക് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള മൂന്ന് കോടിയുടെ പദ്ധതി തയ്യാറാക്കി കോർപറേഷന് സമർപ്പിച്ചത്. ഏറെക്കാലം പഴിയും പരാതിയും പരിഭവവും കേട്ട പൊലീസിന് പക്ഷെ, നഗരസഭയിൽ നിന്നുള്ള പ്രതികരണം ഇരട്ടിമധുരമായി. മൂന്ന് കോടിയിൽ നിന്ന് അഞ്ച് കോടിയിലേക്ക് പദ്ധതി മാറി. 153 കേന്ദ്രങ്ങളിലാണ് പൊലീസ് ക്യാമറ ഉദ്ദേശിച്ചതെങ്കിൽ കോർപറേഷൻ കൈകോർത്തതോടെ അത് 200 കേന്ദ്രങ്ങളായി. പദ്ധതിക്ക് സർക്കാരിന്റെ അനുമതിയും ലഭിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതികാനുമതിക്ക് സമീപിച്ചുവെങ്കിലും പദ്ധതി തയ്യാറാക്കിയത് കോർപ്പറേഷൻ എൻജിനിയറിങ് വിഭാഗം തന്നെയായതിനാൽ വിദഗ്ദരടങ്ങുന്ന പ്രത്യേക സമിതിയെ നിയോഗിച്ച് സാങ്കേതികാനുമതിയും മേൽനോട്ട ചുമതലയും നൽകി പ്രവൃത്തികൾ നടത്താൻ സർക്കാർ നിർദ്ദേശം നൽകി. ചൊവ്വാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമാകും. പൊലീസ് തയ്യാറാക്കിയ പദ്ധതി സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള ധനസഹായം ഉപയോഗിച്ച് നടപ്പിലാക്കാനാണ് നിർദ്ദേശിച്ചത്. അതിനാൽ കോർപറേഷനോ സർക്കാരിനോ സാമ്പത്തിക ബാധ്യതയോ നഷ്ടമോ ഉണ്ടാവില്ല. നേരത്തെ പൊലീസ് ഇതിനായി പദ്ധതി തയാറാക്കിയിരുന്നുവെങ്കിലും കോർപറേഷനെ സമീപിച്ചപ്പോൾ പദ്ധതി കോർപറേഷൻ നടപ്പിലാക്കാമെന്ന് നിർദേശിച്ചതോടെ മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെയാണ് അഞ്ച് കോടി ചെലവിൽ നഗരത്തിലെ 200 കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്ന വിധത്തിലേക്ക് പദ്ധതി മാറിയത്.
പ്രധാന ഇടങ്ങളിൽ സൂം ക്യാമറകൾ
പ്രധാന ജംഗ്ഷനുകളിൽ 360 ഡിഗ്രി ചിത്രീകരണ സൗകര്യമുള്ള പിടിഇസഡ് (പാൻ ടിൽറ്റ് സൂം) ക്യാമറകളും മറ്റിടങ്ങളിൽ ഫിക്സഡ് ക്യാമറകളുമാണ് സ്ഥാപിക്കുക. ക്യാമറകളുടെ നിരീക്ഷണം പൊലീസ് കൺട്രോൾ റൂമിലുമായിരിക്കും. ദൈനംദിന നടത്തിപ്പും ഉത്തരവാദിത്തവും പൊലീസിന്റെ ചുമതലയാവും. ഏകോപനവും വിലയിരുത്തലും മാത്രമാണ് കോർപറേഷന് ചുമതലയുണ്ടാവുക. എച്ച്ഡിയേക്കാൾ ദൃശ്യമികവുള്ള ഇന്റർനെറ്റ് പ്രോട്ടോക്കോൾ ക്യാമറകളായിരുന്നു ഇവ. എംഒ റോഡിൽ പരീക്ഷണാർഥം ഇത്തരമൊരു ക്യാമറ സ്ഥാപിച്ച് പരിശോധിക്കുകയും ചെയ്തിരുന്നു. അർധരാത്രിയിൽ തെക്കേഗോപുരനടയ്ക്ക് തൊട്ടരികിൽ ഇരുട്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണാൻ സാധിക്കുന്ന വിധമായിരുന്നു ഈ ക്യാമറയിൽ നിന്നുള്ള ദൃശ്യം. ഇത്തരം ക്യാമറകൾ സ്ഥാപിച്ചാൽ തൃശൂർ നഗരത്തിലെവിടെ കുറ്റകൃത്യങ്ങൾ നടന്നാലും വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന കുറ്റവാളികളെ കൃത്യമായി പിടികൂടാനാവും. സ്വരാജ് റൗണ്ടിലും പരിസരങ്ങളിലുമായി 44 ക്യാമറകളുണ്ടാകും.
പൊലീസിനെ വെട്ടിലാക്കിയ ക്യാമറകൾ പെട്ടിയിലാവും
നിലവിൽ നഗരത്തിൽ പൊലീസ് 16 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ആറെണ്ണമാണ് പ്രവർത്തിക്കുന്നത്. അതാകട്ടെ, ചിത്രങ്ങൾ നിഴൽ പോലെ കാണുന്നവയാണ്. ക്യാമറയുടെ നേരെ താഴെ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പടെ അവ്യക്തമായതാണ് കുഴപ്പത്തിലാക്കിയിരുന്നത്. നഗരത്തിൽ കവർച്ച പെരുകിയതോടെ പൊലീസിന് ഇരിക്കപ്പൊറുതിയില്ലാതായി. മോഷണം, പിടിച്ചുപറി, അടിപിടി, സംഘട്ടനം മാത്രമല്ല, വിഐപികളുടെ അപ്രതീക്ഷിത സന്ദർശനം പോലും പൊലീസ് അറിയുന്നത് സമയമേറെ വൈകിയാണ്. വിഐപികൾ എത്തുന്ന രാമനിലയത്തിനടുത്തുപോലും നിരീക്ഷണ ക്യാമറയില്ലെന്നതാണ് വാസ്തവം.
കോടികൾ മുടക്കി സ്ഥാപിക്കാനിരിക്കുന്ന ക്യാമറകൾ സുരക്ഷിതമായി നിലനിർത്താനും പ്രവർത്തിപ്പിക്കാനും പൊതുമരാമത്ത് തൃശൂർ ഇലക്ട്രോണിക്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ, നഗരസഭ എൻജിനിയർ, കെൽട്രോൺ, എൻജിനിയറിങ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയുള്ള സാങ്കേതിക വിദഗ്ദ കമ്മിറ്റിയെ നിയോഗിക്കാനാണ് കോർപ്പറേഷൻ തീരുമാനം. ഇത് പൊലീസിനും സഹായമാകും.
പൊലീസ് ശ്രമത്തിന് വ്യാപാരികളുടെ സഹായം
തൃശൂരിനെ കുറ്റരഹിത നഗരമാക്കി മാറ്റാനുള്ള പൊലീസിന്റെ പദ്ധതിയോട് വ്യാപാരികളും സന്നദ്ധ സംഘടനകളും പിന്തുണ അറിയിച്ചിരുന്നു. ഇവരുടെ വകയായി പദ്ധതിയിലേക്ക് ഒരു കോടി കോർപ്പറേഷന് കൈമാറുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ ഇടപെടലുകൾ എത്രത്തോളം പദ്ധതിയെ ബാധിക്കുമെന്നാണ് പൊലീസും നഗരവാസികളും വ്യാപാരികളും ആശങ്കപ്പെടുന്നത്. ചൊവ്വാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിലേക്കാണ് ഇവർ ഉറ്റുനോക്കുന്നതും.
