തൃശൂര്‍: കോര്‍പ്പറേഷനില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് ധാരണയനുസരിച്ച് സിപിഎമ്മിലെ വര്‍ഗീസ് കണ്ടംകുളത്തി ഡെപ്യൂട്ടി മേയര്‍ പദവിയും സിപിഐയിലെ അജിത വിജയന്‍ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും രാജിവെച്ചു. അതേസമയം, സിഎംപിയിലെ പി. സുകുമാരന്‍ നികുതി അപ്പീല്‍കാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞില്ല.
ഭൂരിപക്ഷം തുലാസിലുള്ള ഇടതുഭരണം നിലനിര്‍ത്താന്‍ സിപിഎം സുകുമാരന്റെ വാശിയോട് വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. അതിനിടെ കൗണ്‍സിലിലെ അഴിമതി വിരുദ്ധ മുഖമായ സിപിഎമ്മിലെ അഡ്വ.എം.പി.ശ്രീനിവാസനെ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കാന്‍ ശ്രമം നടക്കുന്നു. സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പോടെ തൃശൂരിലെ ഇടത് മുന്നണി ഭരണത്തില്‍ അട്ടിമറികളുണ്ടാകുമോ എന്ന ആശങ്കയാണ് പലര്‍ക്കും.
സിപിഎം ആവശ്യപ്പെട്ടിട്ടും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന് സിഎംപി നേതാവായ പി സുകുമാരന്‍ വ്യക്തമാക്കിയത് തലവേദനയായി. താന്‍ സ്വതന്ത്രനായാണ് ജയിച്ചതെന്നും കമ്മ്യൂണിസ്റ്റ് അനുഭാവിയായതുകൊണ്ട് മാത്രം എല്‍ഡിഎഫിന് പിന്തുണ നല്‍കിയതാണെന്നുമാണ് സുകുമാരന്റെ വിശദീകരണം. താന്‍ പിന്തുണ നല്‍കുമ്പോള്‍ കാലാവധി പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് തന്നെ എല്‍ഡിഎഫ് തീരുമാനം തനിക്ക് ബാധകമല്ലെന്നും രാജിക്ക് തയ്യാറില്ലെന്നും സുകുമാരനും വ്യക്തമാക്കി.
പൂത്തോള്‍ ഡിവിഷനില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ ഇടത് റിബലായി മത്സരിച്ചാണ് സുകുമാരന്‍ കൗണ്‍സിലിലെത്തിയത്. തെരഞ്ഞെടുപ്പ് വേളയിലുയര്‍ന്ന ആരോപണങ്ങളെ ശരിവയ്ക്കും വിധം സുകുമാരന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കി കൂടെ നിര്‍ത്താന്‍ എല്‍ഡിഎഫിലും സിപിഎം തീരുമാനം എടുപ്പിക്കുകയായിരുന്നു. രാജിവയ്ക്കില്ലെന്ന നിലപാടിലുറച്ചതോടെ സിപിഎം അതിനുവഴങ്ങി. സുകുമാരന്റെ ഒഴിവില്‍ അധ്യക്ഷസ്ഥാനം സിപിഎം ഏറ്റെടുക്കാമെന്നായിരുന്നു എല്‍ഡിഎഫ് യോഗത്തിലെ ധാരണ.
മുന്നണിക്കൊപ്പം സഹകരിച്ച് നീങ്ങുന്ന കക്ഷിയെ പരിഗണിച്ച് നിറുത്തേണ്ട ഉത്തരവാദിത്വം നിര്‍വഹിച്ചതാണിതെന്ന് സിപിഎം നേതൃത്വം പ്രതികരിച്ചു. വര്‍ഗീസ് കണ്ടംകുളത്തി രാജിവച്ച ഒഴിവില്‍ സിപിഐയിലെ അംഗത്തിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനവും നല്‍കും. ശനിയാഴ്ച ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് വര്‍ഗീസ് കണ്ടംകുളത്തിയും അജിത വിജയനും സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. അഡ്വ.എം പി ശ്രീനിവാസനെ ഒഴിവാക്കി പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് വര്‍ഗീസ് കണ്ടംകുളത്തിയെ കൊണ്ടുവരാനാണ് സിപിഎം ആലോചന. എന്നാല്‍, കണ്ടംകുളത്തിയെ സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തെത്തിച്ച് അംഗമാക്കി ഭരണ നിയന്ത്രണം വീണ്ടും സജീവമാക്കണമെന്നതാണ് സിപിഎം ലക്ഷ്യം.
ഭരണനേതൃത്വം നല്‍കുന്ന വര്‍ഗ്ഗീസ് കണ്ടംകുളത്തിയുമായി ഇടഞ്ഞ് എം.പി.ശ്രീനിവാസന്‍ ഏറെനാളായി കൗണ്‍സില്‍ ബഹിഷ്‌കരണത്തിലാണ്. ഇത് മുതലെടുത്തായിരിക്കും പുറത്താക്കല്‍ നീക്കം. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയുടെ അധീനതയിലായിരുന്ന ജലവിതരണം, വൈദ്യുതി വിതരണ ചുമതലകള്‍ ഒഴിവാക്കി കമ്മിറ്റിയെ ചിറകരിഞ്ഞത് വിവാദമായിരുന്നു. കോണ്‍ഗ്രസ് സ്വതന്ത്രനെ പിടിച്ച് ഡെപ്യൂട്ടി മേയറാക്കാന്‍ സിപിഎം കരുനീക്കങ്ങള്‍ നടത്തിയെങ്കിലും സിപിഐ അത് തള്ളികളയുകയായിരുന്നു.
വികസനകമ്മിറ്റി ചെയര്‍മാന്‍ അജിത വിജയന്‍ രാജിവെക്കുന്നതോടെ ആ സ്ഥാനം ജനതദളിലെ ഷീബ ബാബുവിന് നല്‍കും. സ്ത്രീസംവരണമായ വികസനകമ്മിറ്റിയില്‍ എല്‍ഡിഎഫിലെ ഏകവനിത ഷീബ ബാബുവാണ്. അവരാകട്ടെ കൗണ്‍സിലില്‍ പലപ്പോഴും കടുത്ത ഭരണ വിമര്‍ശകയുമാണ്. നിലവില്‍ ഏഴ് കമ്മിറ്റികളില്‍ മൂന്നെണ്ണം കോണ്‍ഗ്രസ് പ്രതിനിധികള്‍ അധ്യക്ഷന്മാരായതാണ്.
