തൃശൂര്‍: തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന്‍റെ നിര്‍മ്മാണം നിലച്ചിട്ട് നാല് മാസം പിന്നിടുന്നു. ജനുവരിയില്‍ തുരങ്കം യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കണമെന്ന മന്ത്രി ജി സുധാകരന്‍റെ നിര്‍ദേശവും നടപ്പായില്ല. ഇതിനെതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തുരങ്കത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആദ്യ തുരങ്കത്തിന്‍റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി. രണ്ടാം തുരങ്കത്തിന്‍റെ പണി ഉടൻ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 110 കോടി രൂപയാണ് ഇരട്ടതുരങ്കത്തിന്‍റെ നിര്‍മ്മാണത്തിന് മാത്രം ചെലവ് കണക്കാക്കുന്നത്.

എന്നാല്‍ കരാര്‍ കമ്പനിയായ ഹൈദ്രാബാദ് ആസ്ഥാനമായ കെഎംസി ഉപകരാര്‍ കമ്പനിയായ പ്രഗതിയ്ക്ക് 45 കോടി രൂപയാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. തുക തരാമെന്നേറ്റ തീയതി പലവട്ടം തെറ്റി. ഇതോടെ നിര്‍മ്മാണം മുന്നോട്ടുകൊണ്ടുപോകാനാകത്ത അവസ്ഥയായി. മാത്രമല്ല, തുരങ്കവുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്നങ്ങളും ഉയർന്നു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പ്രതിഷേധസമരങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയത്.

ഇവര്‍ക്ക് എപ്പോള്‍ പണം നല്‍കാനാകുമെന്ന് ദേശീയപാത അതോറിറ്റിക്ക് വ്യക്തതയില്ല. 645 കോടി രൂപയുടെ പദ്ധതി ഇപ്പോഴെത്തി നില്‍ക്കുന്നത് 1020 കോടിയിലാണ്. 2006 ലാണ് കുതിരാൻ തുരങ്കം ഉള്‍പ്പെടെയുളള വടക്കഞ്ചേരി - മണ്ണൂത്തി 6 വരി ദേശീയപാതയുടെ നിര്‍മ്മാണം തുടങ്ങിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ തുരങ്കവും ദേശീയപാതയും നിർമ്മാണം പൂർത്തിയാക്കാനും വർഷമൊന്നു പിന്നിടുമെന്ന് ഉറപ്പാണ്.