തൃശൂര്‍: കൊടുങ്ങല്ലൂര്‍ മുതല്‍ പൊന്നാന്നി വരെ വ്യാപിച്ച് കിടക്കുന്ന കോള്‍പാടം അപൂര്‍വ്വമായ ഒട്ടേറേ മത്സ്യങ്ങളുടെ കലവറയാണെന്ന് പഠനം. ലോക തണ്ണീര്‍ തട ദിനത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഫോറസ്റ്റട്രി കോളജിന്റെ സഹായത്തോടെ പനങ്ങാട് കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാല (കുഫോസ്) കോള്‍പാടവുകളില്‍ സംഘടിപ്പിച്ച സര്‍വേയിലാണ് ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യ ഇനങ്ങള്‍ ഉള്‍പ്പടെ നിരവധി മത്സ്യ ഇനങ്ങളെ കണ്ടെത്തിയത്. 

ഹോറഡാന്റിയ ബ്രിട്ടാനി എന്ന കുഞ്ഞന്‍ മത്സ്യത്തെയാണ് പുഴയ്ക്കല്‍, പുല്ലഴി കോള്‍പടവുകളില്‍ നിന്ന് കണ്ടെത്തിയത്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഈ മത്സ്യത്തിന് പരമാവധി രണ്ട് സെന്റി മീറ്ററേ വലിപ്പുമുണ്ടാകൂ. ഇതുള്‍പ്പടെ 55 തദ്ദേശിയ മത്സ്യ ഇനങ്ങളെയും മൂന്ന് വിദേശീയ മത്സ്യ ഇനങ്ങളെയും ആണ് സര്‍വേയില്‍ കണ്ടെത്തിയത്. 

കരിമീന്‍, കുറുവ പരല്‍, വരാല്‍, നാരകന്‍, മഞ്ഞക്കൂരി, ആറ്റുകൊഴുവ തുടങ്ങി മലയാളികളുടെ രുചി ഭേദങ്ങളെ നിര്‍ണ്ണയിക്കുന്ന നാടന്‍ മത്സ്യങ്ങളുടെ വലിയ ശേഖരം കോള്‍പാടത്തുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തി. കടല്‍ നിരപ്പില്‍ നിന്ന് ഒന്നര മീറ്ററോളം താഴെയുള്ള, ഉയര്‍ന്ന പരിസ്ഥിതി പ്രാധാന്യമുള്ള പാടശേഖരങ്ങളാണ് കോള്‍. മൂപ്പതിനായിരത്തോളം ഏക്കറാണ് കോള്‍ പാടങ്ങളുടെ മൊത്തം വിസ്തൃതി. 

ഫോറസ്റ്റട്രി കോളേജിലെയും കുഫോസിലെയും നാല്പതോളം ഗവേഷണ വിദ്യാര്‍ത്ഥികളും എട്ട് അധ്യാപകരുമാണ് സര്‍വേയില്‍ പങ്കെടുത്തത്. വിവിധ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ, ജലത്തിന്റെ ഗുണ നിലവാരം, മത്സ്യലഭ്യത, മത്സ്യ ആവാസവ്യവസ്ഥകള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയാണ് പഠന വിധേയമാക്കിയത്. കോള്‍ പാടത്തെ മത്സ്യ സമ്പത്തിനെ കുറിച്ചുള്ള പഠനങ്ങള്‍ കുഫോസ് തുടരുമെന്നും എല്ലാ വര്‍ഷവും ഇനി മുതല്‍ കോള്‍ പാടത്ത് മത്സ്യ സെന്‍സസ് നടത്തുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.എം.കെ സജ്ജീവന്‍ (കുഫോസ്), ഡോ.പി.ഒ നമീര്‍ (ഫോറസ്റ്റട്രി കോളേജ്) എന്നിവര്‍ പറഞ്ഞു. സര്‍വേ റിപ്പോര്‍ട്ട് വൈകീട്ട് ഫോറസ്റ്റട്രി കോളേജില്‍ നടന്ന ചടങ്ങില്‍ കാര്‍ഷിക സര്‍വ്വകലാശാല ഡയറക്ടര്‍ ഓഫി റിസര്‍ച്ച് ഡോ.പി.ഇന്ദിരാദേവി പുറത്തിറക്കി.