തൃശൂര്‍: തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കാന്‍ തീരുമാനിച്ചു. തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് 2000 കിലോഗ്രാം വീതം കരിമരുന്ന് ഉപയോഗിക്കാം. വെടിക്കെട്ട് കാണാനെത്തുന്നവരെ ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കും. നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. ജില്ലാ കളക്‌ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം.

തൃശൂര്‍ പൂരം കൊടിയേറി. പ്രധാന പൂരം പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളില്‍ ഉച്ചയോടെ കൊടിയേറ്റ ചടങ്ങുകള്‍ പൂര്‍ത്തിയായി. പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൊടിയേറ്റിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് ഇത്തവണ ദേവസ്വങ്ങള്‍ ഒഴിവാക്കിയിരുന്നു. കൊടിയേറ്റിന് ശേഷം പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തിലുള്ള നടപാണ്ടിയോടെ പുറത്തെഴുന്നള്ളത്തും നടന്നു. എട്ട് ഘടക ക്ഷേത്രങ്ങളും പൂരത്തിന് സജ്ജരായി. 17നാണ് തൃശൂര്‍ പൂരം.