പാറമേക്കാവ് വിഭാഗമാണ് ഇത്തവണ കമ്പക്കെട്ടിന്റെ തേരോട്ടത്തിന് ആദ്യം തിരി കൊളുത്തുക.
തൃശൂര്‍: പൂരപ്പൂക്കള്‍ വിരിയിക്കാന്‍ ശക്തന്റെ തട്ടകം ഒരുങ്ങി. ഇന്ന് സാമ്പിള്‍, നാളെ പൂര വിളംബരം, മറ്റന്നാള്‍ പൂരം. ഇന്ന് വൈകിട്ട് ഏഴിന് ശക്തന്റെ ആകാശത്ത് ദൃശ്യചാരുത പകരുന്ന കരിമരുന്ന് പ്രയോഗത്തിന്റെ സാമ്പിളിന് തുടക്കമാകും. പാറമേക്കാവ് വിഭാഗമാണ് ഇത്തവണ കമ്പക്കെട്ടിന്റെ തേരോട്ടത്തിന് ആദ്യം തിരി കൊളുത്തുക.
വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശി ശ്രീനിവാസനാണ് പാറമേക്കാവിന്റെ കമ്പക്കെട്ടിന്റെ കാവല്‍ക്കാരന്‍. തിരുവമ്പാടി വിഭാഗത്തിന് ഇത്തവണയും കുണ്ടന്നൂര്‍ ശ്രീകൃഷ്ണ ഫയര്‍ വര്‍ക്‌സിലെ പി.എം. സജിക്കാണ് വെടിക്കെട്ടിന്റെ ചുമതല. കഴിഞ്ഞ വര്‍ഷത്തെ പോലെ കാണികളെ സ്വരാജ് റൗണ്ടില്‍ നിന്നു മാറ്റി നിറുത്തുമെന്ന് തന്നെയാണ് പോലീസും അധികൃതരും നല്‍കുന്ന സൂചന.
രാഗം തിയേറ്റര്‍ മുതല്‍ നായ്ക്കനാല്‍ വരെ നിയന്ത്രണമുണ്ടാകും. സ്വരാജ് റൗണ്ടിലെ ഇന്നര്‍ ഫുട്പാത്തിലേക്ക് ആരെയും കയറ്റില്ല. കഴിഞ്ഞ രണ്ട് ദിവസമായി വൈകുന്നേരങ്ങളില്‍ തൃശൂരിന്റെ പല ഭാഗത്തും കനത്ത മഴ പെയ്യുന്നത് വെടിക്കെട്ട് കമ്പക്കാരില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. 8.30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പാറമേക്കാവ് വിഭാഗം രണ്ട് ദിവസം നീളുന്ന ചമയ പ്രദര്‍ശനത്തിന് തിരി തെളിക്കും. നാളെയാണ് തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദര്‍ശനം. രാവിലെ ഒമ്പത് മുതല്‍ കൗസ്തുഭം ഹാളിലാണ് ചമയ പ്രദര്‍ശനം ഒരുക്കുന്നത്. ഇന്ന് രാവിലെ തിരുവമ്പാടി ഭഗവതിക്ക് ഭക്തര്‍ ആനച്ചമയ സമര്‍പ്പണം നടത്തുന്നതോടെ തട്ടകങ്ങള്‍ ഉണരും.
നാളെ ഉച്ചയോടെ പൂര വിളംബരമറിയിക്കുന്നതിനായി നെയ്തലക്കാവിലമ്മ ഗജവീരന്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ ശിരസിലേറി വടക്കുംനാഥന്റെ തെക്കേ ഗോപുര വാതില്‍ തുറക്കാനെത്തും. പെരുവനം കുട്ടന്മാരാരാണ് നെയ്തലക്കാവിന്റെ മേള പ്രമാണി. മറ്റന്നാള്‍ വെയില്‍പരക്കും മുമ്പ് കണിമംഗലം ശാസ്താവ് പൂരനഗരിയിലെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന പൂര വിസ്മയത്തിന് തുടക്കമാകും.
