തൃശൂര്‍: പുലിയാരവത്തിലലിഞ്ഞ് ശക്തന്‍റെ തട്ടകത്തിലെ ഓണം കൊടിയിറങ്ങി.കനത്ത മഴയിലും ആവേശം ചോരാതെ പുലിക്കൂട്ടങ്ങള്ക്ക് പിന്തുണയുമായി ജന സഞ്ചയം.ആറു സംഘങ്ങളില്‍ നിന്നായി മുന്നൂറോളം പുലികളാണ് സ്വരാജ് റൗണ്ടിനെ വലം വയ്ക്കാനെത്തിയത്. കാണികളുടെ നിറഞ്ഞ കൈയ്യടിയേറ്റുവാങ്ങി കോട്ടപ്പുറത്തിന്റെ പത്ത് പെണ്‍പുലികള്‍.

രാവിലെ തുടങ്ങി ദേശങ്ങളുടെ മടകളില്‍ തയാറെടുപ്പ്.മെയ്യെഴുതി അരമണികെട്ടി കച്ചമുറുക്കി പുലികള്‍.ആറുദേശങ്ങളും കതുതി വച്ചിരുന്നു വൈവിധ്യങ്ങള്‍. ഉച്ചതിരിഞ്ഞ് വിയ്യൂരില്‍ നിന്ന് ആദ്യ സംഘം പുറപ്പെട്ടു.സ്വരാജ് റൗണ്ടില്‍ മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്ത് സംഘത്തെ വരവേറ്റു.

നടുവിലാല്‍ ഗണപതിയ്ക്ക് നാളികേരമുടച്ച് കാനാട്ടുകര ദേശം ആദ്യം കളിതുടങ്ങി. വരയന്‍ പുലികളും പുള്ളിപ്പുലികളും കളം നിറഞ്ഞു. പെണ്‍ പുലിക്കൂട്ടങ്ങളുമായി തൊട്ടുപിന്നാലെയെത്തി കോട്ടപ്പുറം. പത്ത് പെണ്‍പുലികളാണ് സംഘത്തിലുണ്ടായിരുന്നത്. ഉറച്ച ചുവടും മുറുകിയ താളവുമായി പെണ്‍പുലികള്‍ തന്റെ ഇടം അടയാളപ്പെടുത്തി. അകമ്പടിയായി പെണ്‍ വാദ്യ സംഘവും പിന്നാലെ നായ്ക്കനാലില്‍ പ്രവേശിച്ചു.

അയ്യന്തോളും വടക്കേ അങ്ങാടിയും നായ്ക്കനാലും. മുപ്പത് മുതല്‍ അമ്പതിയൊന്നു പുലികളായിരുന്നു ഓരോ സംഘത്തിലുമുണ്ടായിരുന്നത്. ഫ്ളൂറസന്‍റ് പുലികളും എല്‍ഇഡി പുലികളും കാഴ്ചക്കാര്‍ക്ക് വിരുന്നായി സംഘങ്ങള്‍ രംഗത്തിറക്കിയിരുന്നു. കാഴ്ചയുടെ വിസ്മയം തീര്‍ത്ത് ഓരോ സംഘങ്ങളുടെയും നിശ്ചല ദൃശ്യങ്ങളും. ഇടയ്ക്ക് വന്ന് അലോസരപ്പെടുത്തിയ മഴയെ അവഗണിച്ച് പുലിക്കൂട്ടങ്ങള്‍ക്ക് പിന്തുണയുമായി നിന്ന പുരുഷാരത്തിന് മാര്‍ക്ക് നൂറില്‍ നൂറ്.