തൃശൂര്‍: സിപിഐ എം സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ നഗരത്തില്‍ വന്‍ഒരുക്കങ്ങള്‍. ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് സമ്മേളനം. ഫെബ്രുവരി നാലിന് തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരത്തോടുകൂടി കായിക പരിപാടികള്‍ ആരംഭിച്ചിരുന്നു. കബഡി മത്സരവും വടംവലി മത്സരവും സമാപിച്ചു.
ഫെബ്രുവരി 13 ന് ആയിരം പേര്‍ അണിനിരക്കുന്ന കൂട്ടയോട്ടം നടക്കും. പ്രമുഖ കായിക താരങ്ങള്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളാകും. 17 ന് കളരിപ്പയറ്റ്, ജൂഡോ, കരാട്ടെ, യോഗ എന്നിവയുടെ മത്സരവും തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കും. 18 ന് ചെസ്സ് മത്സരത്തോടെ കായികപരിപാടികള്‍ അവസാനിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 16 ദിവസങ്ങളിലായി നടക്കുന്ന പ്രതിരോധത്തിന്റെ ദൃശ്യവിസ്മയങ്ങള്‍ എന്ന ചലച്ചിത്രോത്സവം ഫെബ്രുവരി 20 ന് തൃശൂരില്‍ സമാപിക്കും.
സമ്മേളനം വിജയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബക്കറ്റ് ഫണ്ട് ശേഖരണം രണ്ട് ദിവസങ്ങളിലായി നടന്നിരുന്നു. സമ്മേളനത്തിന് മുന്നോടിയായി ഏരിയാ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍ തുടങ്ങി. കേരള ബദലിന്റെ രാഷ്ട്രീയ മാനങ്ങള്‍, ധനമൂലധനവും സാമ്രാജ്യത്വ അധിനിവേശവും, ഗോത്രം, ജാതി, വര്‍ഗം: അസമത്വത്തിന്റെ രൂപഭാവങ്ങള്‍, സ്ത്രീ വിമോചനം: ഇന്ത്യന്‍ സാഹചര്യത്തില്‍, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍, അധികാരകേന്ദ്രീകരണവും ഫെഡറലിസവും, കാര്‍ഷിക പ്രതിസന്ധി: കാരണങ്ങളും പരിഹാരങ്ങളും, ഇന്ത്യന്‍ ദേശീയതയും ഭരണകൂട നിലപാടുകളും, തൊഴിലാളി വര്‍ഗഘടനയില്‍ വരുന്ന മാറ്റങ്ങള്‍, ഒക്ടോബര്‍ വിപ്ലവത്തിന്റെ അനുഭവങ്ങളും പ്രസക്തിയും, ഉയര്‍ന്നു വരുന്ന തൊഴിലാളി കര്‍ഷക ബഹുജന പ്രക്ഷോഭങ്ങള്‍, ഭൂപ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും, നവോത്ഥാനം, ദേശീയപ്രസ്ഥാനം, കമ്മ്യൂണിസ്റ്റ് പാര്‍ടിയും, ഇന്ത്യന്‍ ജനാധിപത്യവും വര്‍ഗ്ഗീയത ഉയര്‍ത്തുന്ന വെല്ലുവിളികളും എന്നീ വിഷയങ്ങളിലുള്ള സെമിനാറുകളാണ് തുടരുന്നത്.
കലാസന്ധ്യയില്‍ ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, കഥകളി, മോഹിനിയാട്ടം മിഴാവില്‍ തായമ്പക എന്നിവ നടന്നു. ഞായറാഴ്്ച പുല്ലാംകുഴല്‍ കച്ചേരിയോടെ കലാസന്ധ്യക്ക് തിരശ്ശില വീഴും. സമ്മേളനം നടക്കുന്ന തൃശൂര്‍ നഗരത്തെ കേരളത്തിലെ വിവിധ വാദ്യരൂപങ്ങളുടെ സംഗമഭൂമിയാകാന്‍ ഒരുക്കത്തിലാണ് സംഘാടകര്‍. സ്വരാജ് റൗണ്ടില്‍ മൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ 16 ന് വൈകുന്നേരം 7 മണി മുതല്‍ ആയിരത്തിലധികം വാദ്യകലാകാരമാര്‍ വാദ്യകലാ രൂപങ്ങള്‍ അവതരിപ്പിക്കും.
മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും സംഘവും അവതരിപ്പിക്കുന്ന തായമ്പക, പെരിങ്ങോട് ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, മിഴാവ് മേളം, തായമ്പക, പഞ്ചാരിമേളം, ഉടുക്കുവാദ്യം, മരം, നേര്‍ച്ചക്കൊട്ട്, ശാസ്താം കൊട്ട്, കരിങ്കാളിക്കൊട്ട്, ശിങ്കാരിമേളം, മൃദംഗ വാദനം, തബലവാദനം, പാണ്ടിമേളം, പഞ്ചാരിമേളം, കേളി, ബാന്റ്, ദഫ്മുട്ട്, അറവനമുട്ട്, മുളവാദ്യം, നാസിക് ഡോള്‍ എന്നിങ്ങനെ ഇരുപത്തി അഞ്ചിലധികം വാദ്യരൂപങ്ങള്‍ അവതരണത്തിനൊരുങ്ങിക്കഴിഞ്ഞു.
അന്നമനട അച്ചുതമാരാര്‍, പല്ലാവൂര്‍ അപ്പുമാരാര്‍, ചക്കംകുളം അപ്പുമാരാര്‍, പി.കെ. കാളന്‍, ചുമ്മാര്‍ ചൂണ്ടല്‍ എന്നിങ്ങനെ വിവിധ കലാ ആചാര്യമാരുടെ പേരു നല്‍കിയ വേദികളിലാണ് പരിപാടികള്‍ അരങ്ങേറുക. അക്ഷരാര്‍ത്ഥത്തില്‍ പൂരനഗരയില്‍ മറ്റൊരു പൂരമാമാങ്കം തന്നെയാവും രാഷ്ട്രീയ കേരളം കാതോര്‍ക്കുന്ന കമ്യൂണിസ്റ്റ് സമ്മേളനത്തിന്റെ മുന്നൊരുക്കം തന്നെ.
