വയനാട് മേപ്പാടി മുണ്ടക്കൈയിലെത്തിയത് മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസ്
കല്‍പ്പറ്റ: വയനാട് മേപ്പാടിയിൽ തോട്ടം തൊഴിലാളികളെ ബന്ദികളാക്കിയ മാവോയിസ്റ്റുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. കേരളാ തമിഴ്നാട് അതിര്‍ത്തികളിൽ പ്രത്യേക നിരീക്ഷണവും ഉണ്ട്. അതിനിടെ വയനാട് മേപ്പാടി മുണ്ടക്കൈയിലെത്തിയത് മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇന്നു പുലര്‍ച്ച മുന്നുമണിയോടെ മുണ്ടകൈയിലെ സാഹിറിന്‍റെ വീടിനുമുന്നില്‍ കണ്ട അപരിചിതരായ മുന്നുപേര്‍ മാവോയിസ്റ്റുകളാണോ എന്നായിരുന്നു നാട്ടുകാരുടെ സംശയം. ഇവര്‍ വീടിന്റെ ചായ്പ്പില്‍ ഭക്ഷണം പാചകം ചെയ്ത് കഴിച്ചിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനകള്‍ക്കുശേഷം എത്തിയത് മാവോയിസ്റ്റുകളാണെന്ന് സ്ഥിരികരിക്കാന്‍ പോലീസ് തയാറാകുന്നില്ല. എങ്കിലും അവരെ സഹായിക്കുന്ന ആരെങ്കിലുമാണോയെന്ന സംശയം പോലിസിനുണ്ട്.
അസ്വഭാവികമായി ആരെ കണ്ടാലും പോലീസില്‍ വിവരമറിയക്കണമെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കള്ളാടി 900 ഏക്കറിലും അടുത്ത വനത്തിലും ഇന്നും തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തി. ആരെയും കണ്ടെത്താനായില്ലെങ്കില്‍ ഇന്നുകോണ്ട് പരിശോധന അവസാനിപ്പിക്കാനാണ് പോലീസ് തീരുമാനം. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തമിഴ്നാട് ക്യൂ ബ്രാഞ്ച് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. നിലമ്പൂര്‍ ആനക്കാം പോയില്‍ പ്രദേശങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.
