കൊച്ചി: കേരളത്തില്‍ ഗുരുതരക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിവച്ച ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബിജെപി കേന്ദ്രനേതൃത്വത്തേയും സമീപിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. 

കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന ശബരിമല വിഷയം തീര്‍ത്തും അപക്വമായി കൈകാര്യം ചെയ്ത സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്നും കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പിനെ സംരക്ഷിക്കാൻ ശ്രമിച്ചവരാണ്ശബരിമല തന്ത്രിയെ ആക്ഷേപിച്ച് ഓടിക്കാൻ നോക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. വനിതാമതിലുൾപ്പടെയുള്ള പ്രചാരണപരിപാടികൾക്ക് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സർക്കാരിനൊപ്പം നിന്നെങ്കിലും സ്ത്രീകളെ കയറ്റിയ ശേഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തുഷാറിന്‍റെ പ്രതികരണം.

തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം...

രാജ്യത്തെ കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന ശബരിമല പ്രശ്നം അപക്വമായി കൈകാര്യം ചെയ്ത് സങ്കീർണവും സംഘർഷഭരിതവുമാക്കിയ സർക്കാർ വമ്പൻ പരാജയമാണെന്ന് തെളിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാനവും സ്വൈര്യജീവിതവും അമ്പേ തകർന്നു. ടൂറിസം മേഖല പ്രതിസന്ധിയിലായി. സാമ്പത്തിക തളർച്ചയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഇതിന് ഏക ഉത്തരവാദി സംസ്ഥാന സർക്കാരും ഇടതുമുന്നണിയുമാണ്.

ശബരിമല വിഷയത്തിൽ ബി.ഡി.ജെ.എസ് എക്കാലവും വിശ്വാസികൾക്കൊപ്പമാണ്. അതിൽ ഒരു മാറ്റവുമുണ്ടാകില്ല. ശബരിമല വിഷയത്തിൽ ഉടനെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണം. തീവ്രവാദക്കേസിലെ പ്രതി അബ്ദുൾ നാസർ മഅ്ദനിയുടെ ജയിൽമോചനത്തിന് പ്രത്യേക സമ്മേളനം വിളിച്ച് ഏകകണ്ഠമായി പ്രമേയം പാസാക്കിയ സഭയാണ് നമ്മുടേത്. അതിലും എത്രയോ പ്രധാനപ്പെട്ടതാണ് ശബരിമല.

സർക്കാർ സ്പോൺസേർഡ് സംഘർഷങ്ങളാണ് ഇവിടെ നടക്കുന്നത്.  ഇടതുസംഘടനകൾക്കൊപ്പം മതതീവ്രവാദികളും പ്രതിഷേധക്കാരെ നേരിടാൻ നിരത്തിലിറങ്ങിയത് സ്ഥിതിഗതികൾ വഷളാക്കുകയാണ്. ഇത് കേരളത്തിലെ സാമുദായിക സൗഹാർദത്തിനും ഭീഷണിയായി മാറിക്കഴിഞ്ഞു.  നവോത്ഥാന ബാദ്ധ്യത ഹൈന്ദവരുടേത് മാത്രമല്ല. സർക്കാരും ഇടതുമുന്നണിയും ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. പിറവം, കോതമംഗലം പള്ളികളിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ കാണിക്കാത്ത ശൗര്യമാണ് സർക്കാരിന് ശബരിലമലയുടെ കാര്യത്തിൽ. കേരളത്തിലെ മുസ്ളീം ദേവാലയങ്ങളിൽ ബഹുഭൂരിപക്ഷത്തിലും സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന കാര്യം മറച്ചുവെച്ചാണ് ഇക്കൂട്ടർ നവോത്ഥാനം നടപ്പാക്കാനിറങ്ങിയിട്ടുള്ളത്. കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പിനെ സംരക്ഷിക്കാൻ ശ്രമിച്ചവരാണ്ശബരിമല തന്ത്രിയെ ആക്ഷേപിച്ച് ഓടിക്കാൻ നോക്കുന്നതും.

ഹിന്ദു സംഘടനകളുടെ മാത്രം യോഗം വിളിച്ചുകൂട്ടി നവോത്ഥാന മതിൽ പണിത സർക്കാർ ജനങ്ങളെ വഞ്ചിച്ചു. ശ്രീനാരായണ ഗുരുദേവന്റെ കഴുത്തിൽ കുരുക്കിട്ട് റോഡിലൂടെ വലിച്ചവർ തന്നെയാണ് ഇപ്പോൾ ഗുരുദേവനെ മുന്നിൽ നിറുത്തി നവോത്ഥാന മതിൽ പണിഞ്ഞത്. ഇതൊരു പ്രായശ്ചിത്തമായി കണക്കാക്കുന്നു. മതിൽ പണിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി രണ്ട് ആക്ടിവിസ്റ്റ് യുവതികൾക്ക് കേരള പൊലീസ് ഒളിവിൽ താമസിപ്പിച്ച് മലകയറാനുള്ള പരിശീലനം നൽകിയത് പരിഹാസ്യമാണ്.