മുംബൈ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച പശ്ചാത്തലത്തില്‍ ആക്രമം ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് മുംബൈ കേരള ഹൗസിന് നവി മുംബൈ പൊലിസ് സുരക്ഷ ശക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണർ അടക്കം കേരള ഹൗസിനു മുന്നിൽ ക്യാമ്പ് ചെയ്യുകയാണ്. ശബരിമല സമരവുമായി ബന്ധപ്പെട്ട് നേരത്തെ കേരള ഹൗസിലേക്ക് വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. 

ഇന്ന് പുലര്‍ച്ചെയാണ് കനക ദുര്‍ഗ, ബിന്ദു എന്നീ രണ്ട് യുവതികള്‍ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി മടങ്ങിയത്. ഭക്തരുടെ പ്രതിഷേധങ്ങളൊന്നും തന്നെ ഇവര്‍ മലകയറുമ്പോള്‍ ഉണ്ടായില്ല. നേരത്തേ മലചവിട്ടാനെത്തിയ ഇരുവരും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങിയിരുന്നു.  ശബരിമല യുവതീ പ്രവേശനം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചതോടെ ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളും കോണ്‍ഗ്രസും അടക്കം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ആകമാനം പ്രതിഷേധങ്ങള്‍ നടക്കുകയാണ്.