ടിക് ടോക് വിപ്ലവം സോഷ്യൽമീഡിയയിൽ കത്തിപ്പടരുകയാണ്. യൂത്തന്മാരുടെ പരിധിവിട്ടുള്ള ടിക് ടോക് ചലഞ്ച് മലപ്പുറം ജില്ലയിലെ തിരൂരില്‍ സംഘര്‍ഷത്തിന് വഴിവെച്ചു.
തിരൂര്‍: ടിക് ടോക് വിപ്ലവം സോഷ്യൽമീഡിയയിൽ കത്തിപ്പടരുകയാണ്. പലതരത്തിലുള്ള ടിക് ടോക് വീഡിയോകൾ പുറത്തുവന്നുകഴിഞ്ഞെങ്കിലും ഇപ്പോൾ തരംഗമായിരിക്കുന്നത് ജാസി ഗിഫ്റ്റിന്‍റെ "നില്ല് നില്ല് നില്ലെന്‍റെ നീലക്കുയിലേ..' എന്ന ഗാനമാണ്. എന്നാല്‍ ആൺപെൺ ഭേദമില്ലാതെ യുവാക്കളുടെ പരിധിവിട്ടുള്ള ടിക് ടോക് ചലഞ്ച് മലപ്പുറം ജില്ലയിലെ തിരൂരില്‍ സംഘര്‍ഷത്തിന് വഴിവെച്ചു.
വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളും കൊണ്ടായിരുന്നും സംഘര്‍ഷം. വെള്ളിയാഴ്ച നഗരത്തില്‍ ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി നൃത്തം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷത്തിനിടെ കല്ലേറില്‍ തൊട്ടടുത്ത കടയില്‍ ജോലി ചെയ്യുകയായിരുന്ന സുജാതയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
"
വാഹനം തടഞ്ഞു നിര്‍ത്തി 'നില്ല് നില്ല നീലക്കുയിലേ...'എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്നതാണ് ടിക് ടോക്കിലെ നില്ല് നില്ല് ചലഞ്ച്. ഗാനത്തിനൊപ്പം വെറുതെ ചുവടുവച്ചാൽ പോരാ, പച്ചിലകൾ കൈയിൽ പിടിച്ച് ഓടുന്ന വണ്ടികളുടെ തന്നെ മുന്നിലേക്ക് എടുത്തുചാടണം, എന്നിട്ട് നടുറോഡിൽ തുള്ളിക്കളിക്കണം.

ഓടിയെത്തുന്ന ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾക്കു മുമ്പിൽ ഹെൽമറ്റ് ധരിച്ചും ധരിക്കാതെയും ചാടിവീഴുന്ന യുവാക്കൾ വാഹനത്തിനു മുമ്പിൽ കിടന്ന് ചാടി മറിയുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ബൈക്ക്, ഓട്ടോ, ബസ് എന്തിനേറെ പറയണം പൊലീസ് വാഹനം പോലും വെറുതെ വിടുന്നില്ലെന്നുള്ളതാണ് ഏറെ ആശ്ചര്യപ്പെടുത്തുന്നത്.
ഇത്തരം അപകടങ്ങള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ് തന്നെ രംഗത്തെത്തുകയുമുണ്ടായി. ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ ഗതാഗതം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.
