തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഇരുപത് പേര്‍ മരിച്ചു. നാല് പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി. പൊട്ടിത്തെറിയില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

തിരുച്ചിറപ്പള്ളിയിലെ തുറയൂരിനടുത്തുള്ള മുരുഗംപെട്ടിയിലെ ഒരു പടക്കനിര്‍മാണശാലയിലാണ് ഇന്ന് രാവിലെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ക്വാറികളില്‍ ഖനനത്തിനുപയോഗിക്കുന്ന ചെറുസ്ഫോടകവസ്തുക്കള്‍ ഉണ്ടാക്കി നല്‍കുന്ന പടക്കനിര്‍മാണശാലയായ വെട്രിവേല്‍ എക്‌സ്പ്ലോസീവ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടം നടന്നത്. അമ്പതേക്കറോളം വിസ്തീര്‍ണമുള്ള ഫാക്ടറി വളപ്പില്‍ പടക്കനിര്‍മാണത്തിനുള്ള ഏഴ് യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു. ഇതില്‍ ഒരു യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇരുപത് പേര്‍ അപകടം നടന്ന സമയത്ത് ഫാക്ടറിക്കുള്ളിലുണ്ടായിരുന്നു. മുഴുവന്‍ പേരും പൊട്ടിത്തെറിയില്‍ മരിച്ചു. ഫാക്ടറിക്കു പുറത്തുണ്ടായിരുന്ന നാല് പേര്‍ ഓടിരക്ഷപ്പെട്ടു. ഇതില്‍ ഒരാളുടെ പരുക്കുകള്‍ ഗുരുതരമാണ്. സ്ഫോടനത്തിന്‍റെ ശബ്‍ദം രണ്ട് കിലോമീറ്റ‍ര്‍ വരെ കേള്‍ക്കാമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഫാക്ടറി യൂണിറ്റിന്‍റെ ഒരു ഭാഗം പൂര്‍ണമായും പൊട്ടിത്തെറിയില്‍ തകര്‍ന്നു. ആറ് ഫയര്‍ഫോഴ്‌സ് എഞ്ചിനുകള്‍ നടത്തിയ രക്ഷാദൗത്യത്തെത്തുടര്‍ന്നാണ് തകര്‍ന്ന ഭാഗം പൊളിച്ചുനീക്കാനായത്. കനത്ത മഴ പെയ്തത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. തിരുച്ചിറപ്പള്ളി ജില്ലാഭരണകൂടം അപകടത്തെക്കുറിച്ച് അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണിതെന്ന് പൊലീസ് വ്യക്തമാക്കി.