16 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീല്‍ കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

മോസ്കോ: കഴിഞ്ഞ ദിവസം കോസ്റ്റാറിക്കയുമായുള്ള മത്സരം ബ്രസീലിന് അത്രമേല്‍ നിര്‍ണായകമായിരുന്നു. പരാജയവും സമനിലയും പുറത്തേക്കുള്ള വഴി തുറക്കുമെന്ന സാഹചര്യത്തില്‍ പൊരുതി കളിച്ച നെയ്മറും സംഘവും ആവേശ ജയമാണ് പിടിച്ചെടുത്തത്. വിജയത്തിലേക്കുള്ള കുടീന്യോയുടെ ഗോള്‍ താരങ്ങളും ആരാധകരും എന്നുവേണ്ട ഏവരും ആഘോഷിച്ചു.

ആഘോഷത്തിനിടയില്‍ പരിശിലകന്‍ ട്വിറ്റെ മറിഞ്ഞ് വീഴുന്ന കാഴ്ച ഏവരും പുഞ്ചിരിയോടെയാണ് ഏറ്റെടുത്തത്. എന്നാല്‍ ബ്രസീല്‍ ആരാധകരുടെ പുഞ്ചിരി മായുകയാണ്. പകരക്കാരനായ ഗോളി എഡേഴ്സണ്‍ മെറേയ്സിന്‍റെ ദേഹത്ത് തട്ടി മറിഞ്ഞുവീണ ടിറ്റെ പരിക്ക് കാരണം ചികിത്സ തേടിയിരിക്കുകയാണ്. 

തുടയിലെ പേശിക്കാണ് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചികിത്സ തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീല്‍ കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒന്നാന്തരം ടീമാക്കി ബ്രസീലിനെ മാറ്റിയെടുക്കുന്നതിന് പിന്നില്‍ ടിറ്റെയുടെ തന്ത്രങ്ങള്‍ വലിയ പങ്കുണ്ട്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ കളിക്കളത്തില്‍ തന്ത്രങ്ങളുമായി ടിറ്റെ ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.