ചെന്നൈ: ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ ആലപിക്കുന്ന കര്‍ണാടക സംഗീതജ്ഞര്‍ക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനയുടെ ഭീഷണി. ടി.എം കൃഷ്ണ, നിത്യശ്രീ മഹാദേവന്‍, ബോംബേ ജയശ്രീ തുടങ്ങിയ കര്‍ണാടക സംഗീതജര്‍ക്കെതിരെ രാഷ്ട്രീയ സനാതന്‍ സേവ സംഘം എന്ന സംഘടനയാണ് ഭീഷണി മുഴക്കിയത്. എവിടെ പരിപാടി അവതരിപ്പിച്ചാലും ശാരീികമായി കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. അതിനിടെ, ഭീഷണിയെങ്കില്‍, എല്ലാ മാസവും ക്രിസ്തുവിനെക്കുറിച്ചും അല്ലാഹുവിനെക്കുറിച്ചും കര്‍ണാട്ടിക്ക് ഗാനങ്ങള്‍ അവതരിപ്പിക്കുമെന്ന് ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തു. 

ആഗസ്റ്റ് 25 ന് ചെന്നൈയില്‍ നടക്കുന്ന 'യേശുവിന്‍ സംഗമ സംഗീതം'  പരിപാടിയില്‍ പങ്കെടുക്കേണ്ട കര്‍ണാട്ടിക് ഗായകനായ ഒ.എസ് അരുണിന് നേരെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആദ്യ ആക്രമണം നടന്നത്. ഇതേതുടര്‍ന്ന് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പരിപാടി അവതരിപ്പിക്കില്ലെന്ന് ഒ.എസ് അരുണ്‍ അറിയിച്ചു. രാഷ്ട്രീയ സനാതന്‍ സേവ സംഘം സംഘടനയുടെ തലവന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാമനാഥന്‍ എന്നയാള്‍ ഒ.എസ് അരുണുമായി ഫോണിലൂടെ സംസാരിക്കുന്നതിന്റെ ക്ലിപ്പുകള്‍ വാട്ട്‌സാപ്പിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഹിന്ദുവായ അരുണ്‍ ക്രിസ്ത്യന്‍ പാട്ടുകള്‍ പാടുന്നതെന്തിനാണെന്നായിരുന്നു സംഘടനയുടെ ചോദ്യം. 

ഇതിനുശേഷം കര്‍ണാട്ടിക് സംഗീതഞ്ജരായ ടി.എം കൃഷ്ണ, നിത്യശ്രീ മഹാദേവന്‍, ബോംബേ ജയശ്രീ തുടങ്ങിയവര്‍ക്കെതിരെയായി ഭീഷണി. ടി.എം കൃഷ്ണ എവിടെ ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചാലും മര്‍ദ്ദിക്കുമെന്നാണ് ഭീഷണി. ആഗസ്റ്റ് ഏഴിന് രാമനാഥന്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ ആലപിക്കുന്ന സംഗീതജ്ഞരെ രാമനാഥന്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയം ചെയ്യുന്നുണ്ട്.

ഭീഷണികളെ വകവെക്കില്ലെന്നാണ് ടിഎം കൃഷ്ണയുടെ പ്രതികരണം. ഭീഷണിയെങ്കില്‍, എല്ലാ മാസവും ക്രിസ്തുവിനെക്കുറിച്ചും അല്ലാഹുവിനെക്കുറിച്ചും കര്‍ണാട്ടിക്ക് ഗാനങ്ങള്‍ പുറത്തുവിടുമെന്നാണ് ടി.എം കൃഷണയുടെ ട്വീറ്റ്. രാജ്യത്ത് ഇന്ന് കാണുന്ന മതഭ്രാന്തിനും ഇസ്ലാമോഫോബിയക്കും സമാനമാണ് ഈ ഭീഷണി. ഇതാദ്യമായല്ല തനിക്ക് നേരെ ഭീഷണികള്‍ ഉയരുന്നത്. ഇത്തരം ഭീഷണികളോട് സംഗീതത്തിലൂടെ പ്രതികരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ടി.എം കൃഷ്ണ പറഞ്ഞു.