മാധ്യമപ്രവര്‍ത്തനത്തിനൊപ്പം സാഹിത്യത്തിലും ഏറെ ശ്രദ്ധ പതിപ്പിച്ച ടി.എന്‍ ഗോപകുമാറിന്റെ അവസാന പുസ്തകം അനുവാചകനിലേക്ക്. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ടിഎന്‍ജി രചിച്ച 'പാലും പഴവും' എന്ന നോവലിന്റെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. മാതൃഭൂമി ബുക്‌സാണ് പുസ്‌കത്തിന്റെ പ്രസാധകര്‍. 

കുടുംബ ജീവിതത്തിന്റെ നൈര്‍മല്യവും അതിനെ അലോസരപ്പെടുത്തുന്ന ജാതി വെറിയുടെ നേര്‍ക്കാഴ്ചകളും. കേരളാ തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ നായ് വാഴാവൂരിനെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന കഥയാണ് നോവലിന്റെ ഉള്ളടക്കം. 'പാലും പഴവു'മെന്ന് പേരിട്ട പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. കഥാകൃത്ത് സക്കറിയ ടിഎന്‍ജിയുടെ മകള്‍ കാവേരിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കി. 

ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ ടിഎന്‍ജി അനുസ്മരണ പ്രഭാഷണം നടത്തി. ചീഫ് കോഓഡിനേറ്റിംഗ് എഡിറ്റര്‍ മാങ്ങാട് രത്‌നാകരന്‍ പുസ്‌കം പരിചയപ്പെടുത്തി. 

ടി.എന്‍ ഗോപകുമാര്‍ ജീവിച്ചിരിക്കെ മാധ്യമം ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച നോവല്‍ പാതി വഴിയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കേരള തമി്‌ഴ് നാട് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സാമൂഹ്യ, രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അവിചാരിതമായി വലിച്ചിഴക്കപ്പെടുന്ന തമിഴ് ബ്രാഹ്മണ ദമ്പതികളുടെ ജീവിതമാണ് നോവലിന്റെ പ്രമേയം. 

നോവലിനെ കുറിച്ച് പ്രമുഖ എഴുത്തുകാരന്‍ എം. മുകുന്ദന്‍ പറയുന്നത് ഇങ്ങനെ: വായന തുടങ്ങിയശേഷം എനിക്ക് ഈ പുസ്തകം താഴെ വെക്കുവാന്‍ തോന്നിയില്ല. ഒറ്റയിരിപ്പിന് വായിച്ചു മുഴുമിക്കാന്‍ കഴിയുന്ന ഒരു പുസ്തകമാണിത്. മറ്റു ജോലികള്‍ ചെയ്യുമ്പോഴും പുറത്തേക്കു പോകുമ്പോഴും അത് എന്നെ പിന്തുടരുന്നതായി തോന്നി. അവസാനം പുസ്തകം വായിച്ചു തീര്‍ത്തപ്പോള്‍ ഉള്ളില്‍ ആഹ്ലാദം വന്നുനിറഞ്ഞു. എനിക്ക് നിസ്സംശയം പറയാന്‍ കഴിയും, ഞാന്‍ അടുത്തകാലത്തു വായിച്ച നല്ല മലയാളനോവലുകളില്‍ ഒന്നാണിതെന്ന്. വായനക്കാരെ ആര്‍ദ്രമനസ്‌കരാക്കുന്ന ഒരു നോവല്‍.

ടി.എന്‍ ഗോപകുമാര്‍ എഴുതിയ അവസാന നോവല്‍ 'പാലും പഴവും' സക്കറിയ ടി.എന്‍ ഗോപകുമാറിന്റെ മകള്‍ കാവേരിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

പുസ്തകത്തെക്കുറിച്ച് മാതൃഭൂമി ബുക്‌സ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ആസ്വാദന കുറിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം:

നോവല്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം