വെല്ലൂര്‍: അവിഹിത ബന്ധം ആരോപിച്ച് നാല് കുട്ടികളുടെ അമ്മ ഭർത്താവിൻ്റെ ജനനേന്ദ്രിയം ഛേദിച്ചു. ഛേദിച്ച ഭാഗം പേഴ്സിലിട്ട് വി കോട്ടയിലെ രക്ഷിതാക്കളെ കാണാൻ പോയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. വന്നിയാർ സമുദായത്തിൽപെട്ട സരസുവും പട്ടികജാതി വിഭഗാത്തിൽപെട്ട ജഗദീഷനും 14 വർഷം മുമ്പാണ് ഗാർമൻ്റ്സ് യൂനിറ്റിൽ ജോലി ചെയ്യുന്നതിനിടെ പ്രണയിച്ച് വിവാഹിതരായത്. ഇവർക്ക് ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമുണ്ട്. കുടുംബവഴക്കിനെ തുടർന്ന് ഒരു വർഷം മുമ്പ് സരസു രക്ഷിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. എന്നാൽ കുട്ടികൾ ഭർത്താവിൻ്റെ രക്ഷിതാക്കളൊടൊപ്പമായിരുന്നു താമസം.
പതിമൂന്ന് വയസ്സുളള മകൻ്റെ നിർബന്ധത്തിന് വഴങ്ങി മകൻ്റെ പിറന്നാളിന് വന്നതാണ് സരസു. തുടർന്ന് എല്ലാരുടെയും നിർബന്ധം മൂലം വീണ്ടും താമസം ആരംഭിക്കുകയായിരുന്നു. ബുധനാഴ്ച്ച രാത്രി ദമ്പതികൾ തമ്മിൽ അവിഹിത ബന്ധം ആരോപിച്ച് വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് അടുക്കളയിൽ നിന്ന് കത്തി എടുത്ത് ഭർത്താവിൻ്റെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു. ജഗദീഷൻ്റെ നിലവിളി കേട്ടെത്തിയ അയൽവാസികളും ബന്ധുക്കളും ഇദ്ദേഹത്തെ ഗുഡിയാട്ടം സര്‍ക്കാര്‍ ഹോസ്പിറ്റലിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വെല്ലൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ ജഗദീഷൻ സുഖംപ്രാപിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. വിവിധ വകുപ്പുകൾ പ്രകാരം സരസുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
