ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുംതോറും മധ്യകേരളത്തിൽ ചേരിമാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമാകുകയാണ്.
കോട്ടയം: ഫ്രാൻസിസ് ജോർജിനെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തെ പിൻതുണച്ച് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം രംഗത്ത്. നാളെ നടക്കുന്ന യുഡിഎഫ് യോഗം മുന്നണി വിപൂലീകരണം ചർച്ച ചെയ്യും. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് യുഡിഎഫ് വിപുലീകരണ ചർച്ച സജീവമാകുന്നത്.
കെ എം മാണി മടങ്ങിവന്നതിന് പിന്നാലെ ഫ്രാന്‍സിസ് ജോർജിനെയും മുന്നണിയിലെത്തിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ ചർച്ചക്ക് തുടക്കമിട്ടു. ഇടത് മുന്നണിക്ക് പുറത്ത് നിൽക്കുന്ന ഇവരെ ഒപ്പം കൂട്ടണമെന്ന അഭിപ്രായം മറ്റ് ചില ഘടകകക്ഷികൾക്കുമുണ്ട്. പി ജെ ജോസഫിന്‍റെ താല്പര്യം കൂടി പരിഗണിച്ചാണ് ഈ നീക്കം. ഇടുക്കിയിൽ ജോയ്സ് ജോർജിനെതിരെ ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ താലപര്യം.
രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് കിട്ടയതോടെ ലോക്സഭ സീറ്റ് തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് പി ജെ ജോസഫ്. ഇടത് മുന്നണി പ്രവേശനം തുലാസിൽ നിൽക്കുന്ന സാഹചര്യം മുതലെടുക്കാനുള്ള നീക്കത്തോട് ഇതുവരെ ഫ്രാൻസിസ് ജോർജ് അനുകൂലമായല്ല പ്രതികരിച്ചത്. ഏതായാലും ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുംതോറും മധ്യകേരളത്തിൽ ചേരിമാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമാകുകയാണ്.
