കുവൈറ്റ്: എംബസിയില്‍ പരാതികള്‍ അയക്കുമ്പോള്‍ ‍വിവരങ്ങള്‍ പൂര്‍ണ്ണമായി ഉള്‍പ്പെടുത്തണമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. തൊഴിലുടമയുമായോ സ്‌പോണ്‍സറുമായോ ഏതെങ്കിലും തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കിലും എംബസിയില്‍ നേരിട്ട് ഹാജരായി പരാതികള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എംബസിയുടെ സഹായം അഭ്യര്‍ഥിച്ച് രാജ്യത്തുള്ള ചില പൗരന്മാര്‍ വാട്‌സ്ആപ്പിലൂടെയും ഇ-മെയിലിലൂടെയും അയയ്‌ക്കുന്ന അഭ്യര്‍ഥനകളില്‍ ആവശ്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് എംബസി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചത്. പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐ.ഡി നമ്പര്‍, പൂര്‍ണമായ പേര്, മേല്‍വിലാസം, സ്വന്തമായ ഫോണ്‍നമ്പര്‍, തൊഴിലുടമയുടെയോ സ്‌പോണ്‍സറുടെയോ അടിസ്ഥാന വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സന്ദേശങ്ങളില്‍ ഉള്‍പ്പെടുത്തണം. തൊഴിലുടമയുമായോ സ്‌പോണ്‍സറുമായോ ഏതെങ്കിലും തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കിലും എംബസിയിയില്‍ നേരിട്ട് ഹാജരായി പരാതികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

എംബസിയില്‍ എത്തുമ്പോള്‍ തൊഴിലുടമയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍എന്നിവയും പരാതിക്കാരന്റെ പാസ്‌പോര്‍ട്ടിന്റെയും ഇഖാമയുടെയും ഫോട്ടോകോപ്പി, തുടങ്ങിയവയും ഹാജരാക്കണം. ഇത്തരം പരാതികളില്‍ എംബസിയില്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് പൂര്‍ണമായ വ്യക്തിഗത വിവരങ്ങള്‍ക്കൊപ്പം സ്വന്തമോ, സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ എംബസിയുടെ ഇ-മെയിലായ labour.kuwait@indembkwt.org, welfare.kuwait@indembkwt.org എന്നിവയിലേക്ക് സന്ദേശം അയയ്‌ക്കാവുന്നതാണ്. ദുരിതത്തിലാകുന്ന ഇന്ത്യന്‍പൗരന്‍മാരെ സഹായിക്കാനുള്ള ബാധ്യത എംബസിക്കുണ്ടെന്നും അധികൃതര്‍ പ്രസ്താനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.