കൊച്ചി: ജീവിതമെന്ന ഫീസില്ലാ കോഴ്സ് പഠിപ്പിക്കാൻ മകനെ ഊരു തെണ്ടാൻ വിടുന്ന കോടീശ്വരനായ അച്ഛൻ. സിനിമാക്കഥയല്ലിത്. ജീവിതമാണ്. സിനിമാക്കഥകളെ ഓർമ്മിപ്പിക്കുന്ന കഥയ്ക്ക് വേദിയായത് കൊച്ചി നഗരം. ഒരു മാസത്തെ ജീവിതം കൊണ്ട് പണത്തിന്റെ വില പഠിച്ച മകനും മകനെ പാഠം പഠിപ്പിച്ച അച്ഛനും അങ്ങ് ഗുജറാത്തികളും. ജീവിതത്തിന്‍റെ മണമുള്ള കഥ ഇങ്ങനെ.
സാവ്ജി ധോലാക്കിയയെ ചിലരെങ്കിലും അറിയും. 4000 കോടി വിറ്റുവരവുള്ള സൂററ്റിലെ ഹരികൃഷ്ണ എക്സ്പോർട്ട്സിന്റെ അമരക്കാരന്‍. കോടീശ്വരനായ വജ്രവ്യാപാരി. ജൂൺ 26ന് മകന്‍ ദ്രവ്യ ധോലോക്കിയയെ അച്ഛന്‍ ധോലോക്കിയ ജീവിതം പഠിക്കാന്‍ കൊച്ചിക്കു വിട്ടു. ഗുജറാത്തിലെ വീട്ടിൽ നിന്ന് കൊച്ചിക്കു തിരിക്കുമ്പോൾ 21കാരൻ ദ്രവ്യയുടെ കൈയ്യില്‍ ആകെയുണ്ടായിരുന്നത് ഏഴായിരം രൂപയും മൂന്നു ജോഡി ഉടുപ്പുകളും മാത്രം. കൊച്ചിയിലേക്കുള്ള ട്രെയിന്‍ ടിക്കറ്റും പണവും നല്‍കി അച്ഛൻ ധോലാക്കിയ മകനോട് പറഞ്ഞത് ഇത്രമാത്രം. "പോയി സ്വന്തമായി ഒരു ജോലി നേടുക. ഏഴായിരം രൂപ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക."
കൊച്ചിയിലെത്തിയ ദ്രവ്യ പല ജോലികളും ചെയ്തു. ഹോട്ടൽ ജീവനക്കാരൻ, ബേക്കറി തൊഴിലാളി അങ്ങനങ്ങനെ. പണം തികയാത്തപ്പോൾ ഭക്ഷണം ഒരു നേരമാക്കി കുറച്ചു. ഇടയ്ക്ക് ഹോട്ടലിൽ വച്ച് മലയാളിയായ ശ്രീജിത്തിനെ പരിചയപ്പെട്ടു. പുതിയ ജോലി. ഹോട്ടലുകളെന്ന മേച്ചില്‍പ്പുറങ്ങള്‍. എച്ചിലു മാറ്റിയും അന്നം വിളമ്പിയും ജീവിത പാഠങ്ങള്‍. അങ്ങനെ ഒരു മാസത്തെ അനുഭവങ്ങള്‍ ദ്രവ്യയെ പലതും പഠിപ്പിച്ചു.

തിരികെ പോകാന്‍ ഒരുങ്ങുമ്പോള്‍ ദ്രവ്യക്ക് കാണാനുണ്ടായിരുന്നത് ശ്രീജിത്തിനെ മാത്രമായിരുന്നു. കൈ നിറയെ സമ്മാനങ്ങളുമായി ശ്രീജിത്തിനെ കാണാൻ എത്തിയപ്പോളാണ് നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്ന ആ ഹോട്ടല്‍ തൊഴിലാളിയെ ചുറ്റുമുള്ളവർ തിരിച്ചറിയുന്നത്. അങ്ങനെ ജീവിതത്തിന്‍റെ ഫീസില്ലാ കോഴ്സ് പഠിച്ചു പാസായ ദ്രവ്യ ഗുജറാത്തിലേക്കു മടങ്ങി.
യുഎസിൽ എംബിഎക്ക് പഠിക്കുന്നതിനിടയിലാണ് ജീവിതം നേരിട്ടു പഠിപ്പിക്കാന്‍ മകനെ അച്ഛന്‍ കേരളത്തിലേക്കു വിടുന്നത്. ഈ കുട്ടിക്കോടീശ്വരന് പലകാരണങ്ങളാൽ ഈ യാത്ര ഇപ്പോൾ മറക്കാനാകാത്തതാണ്. ഈ യാത്ര എന്ത് പഠിപ്പിച്ചു എന്ന് ചോദിച്ചാൽ ദ്രവ്യ പറയും. പണത്തിനു ചിലത് നൽകാൻ കഴിയും, പക്ഷേ അനുഭവങ്ങൾക്ക് അതിലേറെയും.
